

ഇന്ത്യയുടെ സൂപ്പർ പേസറായ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും മുഹമ്മദ് ഷമിയെ പൂര്‍ണമായും അവഗണിച്ച് സെലക്ഷൻ കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയെങ്കിലും, പരിക്ക് പൂർണ്ണമായി മാറാത്തതിനെ തുടർന്ന് ബുംറയെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നിരുന്നു.
തുടർന്നാണ് ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബുംറയ്ക്ക് പകരക്കാരനായി ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ രഞ്ജി സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ആഖിബ് നബിയുടേത് അര്‍ഹിച്ച സെലക്ഷനാണെങ്കിലും ഈ നീക്കം മുഹമ്മദ് ഷമിയുടെ ടെസ്റ്റ് കരിയറിനെക്കുറിച്ച് തന്നെ വലിയ ചോദ്യമാണ് ഉയർത്തുന്നത്. 2023-നു ശേഷം ഷമി ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല.
പരിക്ക് മൂലമാണ് ടീമിന് പുറത്തായതെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീനിയർ ടീമിലേക്ക് ഷമിയെ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ല. നീണ്ട ഫോർമാറ്റുകൾ കളിക്കാനുള്ള ശാരീരികക്ഷമത ഷമിക്കില്ലെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പറയുന്നത്.
എന്നാൽ അവസാനമായി കളിച്ച രഞ്ജി ട്രോഫി മത്സരങ്ങളിലെ ഷമി മികവ് കാട്ടിയിരുന്നു. സെലക്ഷൻ കമ്മറ്റിക്കെതിരെ നടത്തിയ ചില പരാമർശങ്ങളാണ് ഷമിക്ക് വിനയായത് എന്നാണ് പൊതു വിലയിരുത്തൽ.
content highlights: mohammed shami excluded from team india bcci criticism