യുഎഇയിൽ ഓഗസ്റ്റ് ആറ് വരെ മഴ തുടരും; ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ ശക്തമാകുന്നു

കനത്ത വേനൽച്ചൂടിനിടയിലാണ് ഗൾഫ് മേഖലയിൽ അപ്രതീക്ഷിതമായി മഴ പെയ്യുന്നത്

യുഎഇയിൽ ഓഗസ്റ്റ് ആറ് വരെ മഴ തുടരും; ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ ശക്തമാകുന്നു
dot image

ഗൾഫ് മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുന്നു. യുഎഇയിൽ ഓഗസ്റ്റ് 6 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലും ഒമാനിലും വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

കനത്ത വേനൽച്ചൂടിനിടയിലാണ് ഗൾഫ് മേഖലയിൽ അപ്രതീക്ഷിതമായി മഴ പെയ്യുന്നത്. കിഴക്കൻ മേഖലയിൽ നിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടിലുള്ള ദുർബലമായ ന്യൂനമർദ്ദത്തിന്റെയും സ്വാധീനം മൂലമാണ് യു.എ.ഇയിൽ മഴ അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച വരെ യുഎഇയിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കും. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസമാണ് ഈ വേനൽക്കാലത്ത് അപ്രതീക്ഷിത മഴയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു കൈപ്പുസ്തകം അബുദാബി പുറത്തിറക്കി. അപകടത്തിൽപ്പെടുമ്പോൾ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയിലും മഴ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. അസീർ പ്രവിശ്യ, ജിസാൻ, അൽ ബഹ, മക്കയിലെ മലയോര മേഖലകൾ, നജ്റാൻ എന്നിവിടങ്ങളിൽ വാരന്ത്യം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 'അൻവാ' ആപ്പ് വഴിയും ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഒമാനിലും പ്രതികൂല കാലാവസ്ഥ തുടരുകയാണ്. അൽ ഹജർ പർവതങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മഴമേഘങ്ങൾ നോർത്ത് അൽ ഷാർഖിയ, സൗത്ത് അൽ ഷാർഖിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി.

Content Highlights: The UAE is likely to experience continued rainfall until August 6 as unstable weather conditions intensify across Gulf nations. Authorities have advised residents to remain cautious and follow safety guidelines.

dot image
To advertise here,contact us
dot image