സഭയിലുണ്ടായത് നിർഭാഗ്യകരമായ കാര്യങ്ങൾ, അപലപനീയം; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം സഭയിലെത്തി ബഹളം വെച്ച് നേടാനാണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ വിമർശനം

സഭയിലുണ്ടായത് നിർഭാഗ്യകരമായ കാര്യങ്ങൾ, അപലപനീയം; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണെന്നും അന്വേഷണത്തിൽ ബെഞ്ചിന് പൂർണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷത്തിൻ്റെ സമരവുമായി ബന്ധപ്പെട്ട് സഭയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിവിഷൻ ബെഞ്ചിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്. ഡിവിഷൻ ബെഞ്ചിന്റെ ഓരോ ഘട്ടത്തിലുമുളള നിർദേശങ്ങളും വലിയരുത്തലും പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. ആ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളാണ് നിയമ മന്ത്രി വിശദീകരിച്ചത്. അത് യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടിക്കെതിരെ ഏതെല്ലാം തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ അതിനെല്ലാമുള്ള കൃത്യമായ മറുപടിയാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. ജാമ്യാപേക്ഷ ചെല്ലുന്നത് ഡിവിഷൻ ബെഞ്ചിന് മുന്നിലല്ല. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന് മുന്നിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജഡ്ജിമാർ അവർക്ക് തോന്നിയ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്നുവരും. അതാണ് താൻ നേരത്തെ പറഞ്ഞത് ഇത് സർക്കാരിനെതിരായ പരാമർശമല്ല ഹൈക്കോടതിക്ക് എതിരായ പരാമർശമാണെന്ന്. കാരണം അന്വേഷണം നടക്കുന്നത് സർക്കാരിന്റെ നിർദേശത്തിലല്ല. അതെല്ലാം നിരീക്ഷിക്കുന്നത് ഹൈക്കോടതിയാണെന്നും പിണറായി വിജയൻ പറഞ്ഞു.

സഭയിൽ ഇന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് ആൻഡ് വാർഡ്മാരെ തള്ളുകയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ. ഒരുകാലത്തും നടക്കാത്ത കാര്യങ്ങളാണ് സഭയിൽ സംഭവിക്കുന്നത്. ഒരു പ്രകോപനകരമായ അന്തരീക്ഷവും സഭയിൽ ഇല്ല, എന്നിട്ടും ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം സഭയിലെത്തി ബഹളം വെച്ച് നേടാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണകൊള്ളയിൽ കുറ്റപത്രം നൽകാത്തതിനാലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്നും സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വലിയ കാലതാമസം വരുത്തിയെന്നും ജാമ്യം കിട്ടി എല്ലാ പ്രതികളും പുറത്തുവരാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി സംസാരിച്ചത്.
എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി കേൾക്കാൻ കാത്തുനിൽക്കാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Content Highlights: The Chief Minister Pinarayi vijayan said that the events that took place in the niyamasabha today from the opposition side were unfortunate

dot image
To advertise here,contact us
dot image