അന്ന് താമരമൊട്ട് വികസനം,ഇത്തവണ കടലാമ വികസനം,കേരളത്തിന്‍റെ ബജറ്റോ ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ;സന്ദീപ് വാര്യർ

കേരളത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റിലുണ്ടായതെന്ന് സന്ദീപ് വാര്യർ

അന്ന് താമരമൊട്ട് വികസനം,ഇത്തവണ കടലാമ വികസനം,കേരളത്തിന്‍റെ ബജറ്റോ ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ;സന്ദീപ് വാര്യർ
dot image

കോഴിക്കോട്: കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനമുന്നയിച്ച സന്ദീപ് വാര്യർ, കേരളത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായതെന്നും ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന എസ്ടിയു സംസ്ഥാനസമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.

അതിവേഗറെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കടലാമകളെ സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ അതിവേഗ റെയിൽപാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന കേരള പൊതുസമൂഹത്തിനെ കളിയാക്കുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനമാണിതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കഴിഞ്ഞ വർഷം ഒരു താമരമൊട്ടായിരുന്നു, അതിന്റെ കാര്യം എന്തായെന്ന് അറിയില്ല. അന്ന് താമരമൊട്ട് വികസനമായിരുന്നെങ്കിൽ ഇത്തവണ കടലാമ വികസനമാണ്. കേന്ദ്രസർക്കാർ ഇതുപോലെ കേരളത്തെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിന്റെ ബജറ്റെന്തായിരുന്നു. കേരളത്തിന്റെ ബജറ്റെന്ന് പറഞ്ഞാൽ അത് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശപോലെയാണ്. പേരിന് മസാല ദോശയാണ് പക്ഷേ അകത്ത് ഉരുളക്കിഴങ്ങ് ഉണ്ടാകില്ല. എന്തെങ്കിലും എടുത്തുകൊടുക്കണമെങ്കിൽ ഖജനാവിൽ വല്ലതും വേണ്ടേ. കഴിഞ്ഞ പത്ത് വർഷക്കാലം കൊണ്ട് കേരളത്തെ ഇതുപോലെ മുച്ചൂടും മുടിച്ചൊരു സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കേരളത്തിന് സമ്പൂർണ നിരാശ നൽകുന്നതാണ് മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റ്. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവ സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്. അപൂ‍ർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിനായി കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായി.

Content Highlights: Congress leader Sandeep Varier says Kerala did not get enough consideration in the union budget

dot image
To advertise here,contact us
dot image