

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും സി ജെ റോയിയുടെ മരണം തീരാ കളങ്കമായി മാറിയെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു.
നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് സി ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തില്‍ ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീര്‍ രാമചന്ദ്രന്‍, രവി കെ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബെംഗളൂരു പൊലീസും അന്വേഷണ സംഘത്തിലുണ്ട്.
സി ജെ റോയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും മറ്റും ബെംഗളൂരു പൊലീസ് പരിശോധിച്ചിട്ടുണ്ട്. റോയ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് കണ്ടെത്താന്‍ കുടുംബത്തിന്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം. ഇതിനിടെ സി ജെ റോയിയുടെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്കാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരു അവയവങ്ങളും തകര്‍ത്ത് വെടിയുണ്ട പുറത്തു പോയി. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെത്തി. വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പില്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും ബൗറിംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എം എന്‍ അരുണ്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സി ജെ റോയ് ജീവനൊടുക്കുന്നത്. ആദായ വകുപ്പിന്റെ പരിശോധനയ്ക്കിടെ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന വിവരം. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം ആദായ വകുപ്പിന്റെ പരിശോധന നടന്നിട്ടില്ലെന്ന വിവരവും പിന്നീട് പുറത്ത് വന്നിരുന്നു. അതേസമയം റോയ്‌യുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരെ കുടുംബം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് റോയ്യുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചിരുന്നു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഉണ്ടായിരുന്നില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞിരുന്നു.
Content Highlights: C J Roy death CM Pinarayi Vijayan writes letter to Nirmala Sitharaman