

തിരുവനന്തപുരം: ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കർത്താവുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്.
കേരള ലളിതകലാ അക്കാദമിക്കായി 7.50 കോടി രൂപയും കേരള നാടൻ കലാ അക്കാദമിക്കായി 5 കോടി രൂപയും അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.50 കോടി രൂപയും കൊല്ലത്തെ ഹിസ്റ്ററി ആൻഡ് മാരിടൈം മ്യൂസിയത്തിനായി മൂന്ന് കോടിയും വകയിരുത്തിയിട്ടുണ്ട്.
കണ്ണൂരിലെ തളിപ്പറമ്പിൽ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി 2026-27 സാമ്പത്തിക വർഷം നാല് കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച, തിരൂരിലെ തുഞ്ചൻ പറമ്പിന് സമീപമായി സ്ഥാപിക്കുന്ന എം ടി വാസുദേവൻനായരുടെ സ്മാരകത്തിനായി ആദ്യഘട്ടം നടപ്പാക്കുന്നതിന് 1.50 കോടി രൂപയും അനുവദിച്ചു.
കേരള കലാമണ്ഡലത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 27.50 കോടിരൂപയാണ് ബജറ്റിലുള്ളത്. കായംകുളത്ത് തോപ്പിൽ ഭാസി, തൃശൂരിൽ പി ജെ ആന്റണി, കണ്ണൂരിൽ കെ ടി മുഹമ്മദ് എന്നീ നാടക ഇതിഹാസങ്ങളെ ആദരിക്കാൻ സ്ഥിരം നാടക തീയേറ്ററുകൾ നിർമ്മിക്കാൻ 'നാടകഗൃഹം' എന്ന പുതിയ പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി.
സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷനും ബജറ്രിൽ പ്രഖ്യാപിച്ചു. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഡി ആർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകും. എന്നാൽ എൻപിഎസിൽ തുടരേണ്ടവർക്ക് അതിൽ തുടരാം. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനം പദ്ധതിയിൽ ഉണ്ടായിരിക്കും. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കാൻ വിശദ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും ചേര്‍ത്ത് പിടിക്കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ്. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെ വര്‍ധനവും വരുത്തും. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1,000 രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രീപൈമറി സ്‌കൂള്‍ അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപയും വര്‍ധിപ്പിക്കും. സാക്ഷരതാ പ്രേരകുമാരുടെ പ്രതിമാസ വേതനവും ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 14, 500 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി. വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോമുകളും നൽകും. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Content Highlights: Finance Minister KN Balagopal announced Historical Research Center in Ponnani in the name of Zainuddin Makhdoom II