

ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അവസാനം അത് പൂമാലയാകാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തനിക്ക് പത്മഭൂഷണ്‍ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവര്‍ ഉണ്ട്. ശരിയെന്ന് തോന്നുന്നതേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരം ലഭിച്ചു. അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചതെങ്കില്‍ സംഘടനാ പ്രവര്‍ത്തനവും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്താണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിട്ടല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപിയുമായുള്ള എന്‍എസ്എസ് ഐക്യനീക്കം പെട്ടെന്ന് തകരാനുണ്ടായതിന്റെ കാരണം വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ അവാര്‍ഡ് കിട്ടിയതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്‍എസ്എസുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ച നടത്തുമെന്ന് പറഞ്ഞതിന് ശേഷം പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചാല്‍ സംശയം തോന്നാതിരിക്കുന്നത് എങ്ങനെയെന്നായിരുന്നു ജി സുകുമാരന്‍ നായര്‍ ചോദിച്ചത്. എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നുമായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം
'ഐക്യ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവ സംഘടനകള്‍ എന്നനിലയില്‍ ഐക്യത്തെ സ്വാഗതം ചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം യോജിക്കാം എന്നാണ് കരുതിയത്. 21 ന് യോഗം ചേരും എന്ന് അവര്‍ പറഞ്ഞു. 21 ന് യോഗം ചേര്‍ന്നു. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്ന് തോന്നി', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
Content Highlights: sndp vellappally Natesan over padma bhushan award for him and mammootty