കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ഭീഷ്മരെ പോലെയാണ് ഈ സർക്കാർ, അന്ത്യം ഉണ്ടാകും; രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി എന്നെങ്കിലും നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിച്ചിട്ടുണ്ടോ, ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോയെന്ന് രമേശ് ചെന്നിത്തല

കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ഭീഷ്മരെ പോലെയാണ് ഈ സർക്കാർ, അന്ത്യം ഉണ്ടാകും; രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉത്തരായനത്തിൽ എത്തിയാൽ മരണം സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പോടെ ഈ സർക്കാരിന്റെ അന്ത്യംകുറിക്കും എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

പല തവണ നിയമസഭയിൽ വന്ന ആളാണ് ഞാന്‍ എന്നാൽ കഴിഞ്ഞ ദിവസം എന്താണ് ഇവിടെ നടന്നത്. ഗവർണർ ഒരു പ്രസംഗം വായിക്കുന്നു. അദ്ദേഹത്തെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി വേറൊരു പ്രസംഗം വായിക്കുന്നു. പാർലമെൻററി രാഷ്ട്രീയത്തിൽ പരസ്പരം പാലിക്കേണ്ട മര്യാദകൾ പാലിക്കുന്നില്ല. ഗവർണറും അവരും തമ്മിൽ യുദ്ധമാണെന്ന് നാട്ടുകാരെ ബോധിപ്പിക്കാനുള്ള പടുവേലയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരായ ഇടതുപക്ഷ പ്രതിഷേധം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നടത്തി. ലോക് ഭവന് മുന്നിൽ സമരം ചെയ്യാൻ ആർജ്ജവം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഗവർണറും ഇടതുപക്ഷവും തമ്മിലുള്ള ഒത്തുകളിയാണിതെല്ലാമെന്ന് തങ്ങൾ അന്നേ പറഞ്ഞതാണ്. വി സി നിയമനവുമായി ബന്ധപ്പെട്ട് എന്തൊക്കെ കോലാഹലം നടന്നു. കരിങ്കൊടി പ്രയോഗം നടന്നു. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും സംഘി ഗവർണർ എന്നും പറഞ്ഞ് എത്ര തവണ അദ്ദേഹത്തെ തടഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നത്തിൽ രജിസ്ട്രാറെ പുറത്താക്കി. അതിൽ കേരള രജിസ്ട്രാർ അനിൽകുമാർ മാത്രമാണ് രക്തസാക്ഷിയായതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വി സിമാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പങ്കിടൽ നടന്നു. അവിടെ മെറിറ്റ് അല്ല നോക്കിയത്. നിങ്ങൾക്കു വേണ്ടത് പങ്കുവെപ്പാണ്. കേന്ദ്ര സർക്കാരുമായി നിങ്ങൾ ഒത്തുതീർപ്പിലാണ്. കേരളത്തിലെ മുഖ്യമന്ത്രി എന്നെങ്കിലും നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിച്ചിട്ടുണ്ടോ, ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നൂറ് സീറ്റുകൾ നേടി ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും. പരാജിതന്റെ കപട ആത്മവിശ്വാസമാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. അതിന് ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളും രമേശ് ചെന്നിത്തല സഭയിൽ പരാമർശിച്ചു. സജി ചെറിയാൻ മൂന്നോ നാലോ പ്രസംഗം നടത്തിയാൽ തങ്ങളുടെ ജോലി എളുപ്പമാകുമെന്ന് ചെന്നിത്തല പരിഹസിച്ചു.

രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകൾക്കെതിരെ സംസാരിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുക്കുന്ന പാർട്ടി സ്വർണക്കൊള്ളയിൽ ജയിലിന് അകത്തായ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പയ്യന്നൂരിലെ രക്തസാക്ഷിയുടെ വീട് താൻ സന്ദർശിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബമാണ്. അവർക്കായി പിരിച്ച പണമാണ് മുക്കിയത്. അത് തുറന്നു പറഞ്ഞതിനാണ് വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തത്. ഇത് എന്ത് നീതിയാണ്. എത്ര ഗൃഹസന്ദർശനം നടത്തിയാലും നാട്ടുകാരോട് എത്ര കള്ളം പറഞ്ഞാലും ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights:‌ Congress leader Ramesh Chennithala Criticize ldf and pinarayi government

dot image
To advertise here,contact us
dot image