

തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല എന്നും താൻ ഇരിക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനത്താണ് എന്ന് സതീശൻ ആലോചിക്കണമെന്നും എച്ച് സലാം പറഞ്ഞു. വി ശിവൻകുട്ടി ഓട് പൊളിച്ച് ഇറങ്ങി വന്ന ആളല്ല. വിദ്യാർത്ഥി കാലഘട്ടം മുതൽക്കേ സംഘപരിവാറിനോടും വർഗീയ ശക്തികളോടും പൊരുതുന്ന ആളാണ് ശിവൻകുട്ടി. പ്രതിപക്ഷനേതാവിന്റെ മുണ്ട് അഴിഞ്ഞുപോയാൽ കാണുന്ന വസ്ത്രം ആർഎസ്എസിന്റെ കളസമാണ് എന്നും സലാം വിമർശിച്ചു.
ശിവൻകുട്ടി മന്ത്രിയായി ഇരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടിവന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമായിരുന്നു സതീശന്റെ വിമർശനം. നിയമസഭയിൽ ഡെസ്‌കിനുമുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത്. വിവരമില്ലാത്തവർ മന്ത്രിമാരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും. എക്‌സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
അതേസമയം,സതീശന്റേത് തരംതാണ പദപ്രയോഗമാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. എടാ, പോടാ പദപ്രയോഗം നടത്തിയെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അത്തരം പദങ്ങളെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് ഇത്തരം പദപ്രയോഗം നടത്തുന്നത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുമെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
'മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്', വി ശിവന്‍കുട്ടി പറഞ്ഞു.
'ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. വിനായക് ദാമോദര്‍ സതീശന്‍ ആണ്. ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സമനില തെറ്റിയ നിലയില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശന്‍. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ കഴിയില്ല' എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: H Salam against vd satheesan on v sivankutty; culture cant be purchased for money