'കുഞ്ഞികൃഷ്ണൻ നടക്കുന്നത് തന്റെ ചോരയ്ക്ക് വേണ്ടി, ഒരു നയാപൈസ വകമാറ്റിയിട്ടില്ല'; വൈകാരിക പ്രതികരണവുമായി എംഎൽഎ

ആരോപണങ്ങൾ തന്റെയും ധൻരാജിന്റെയും കുടുംബത്തിന് വലിയ വേദനയുണ്ടാക്കി എന്നും മധുസൂദനൻ പറഞ്ഞു

'കുഞ്ഞികൃഷ്ണൻ നടക്കുന്നത് തന്റെ ചോരയ്ക്ക് വേണ്ടി, ഒരു നയാപൈസ വകമാറ്റിയിട്ടില്ല'; വൈകാരിക പ്രതികരണവുമായി എംഎൽഎ
dot image

കൊച്ചി: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ താൻ തിരിമറി നടത്തിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം നിഷേധിച്ച് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. പണമെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നത് എന്നും കണക്കുകളെല്ലാം പാർട്ടിയുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ടി ഐ മധുസൂദനൻ റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ വ്യക്തമാക്കി. ധൻരാജിന്റെ കുടുംബത്തിന് ഇക്കാര്യങ്ങളിൽ യാതൊരു സംശയവുമില്ല എന്നും കണക്കുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നും മധുസൂദനൻ കൂട്ടിച്ചേർത്തു. രക്തസാക്ഷി ഫണ്ട് പൂർണമായും ആ കുടുംബത്തിനുള്ളതാണന്നും ആ കുടുംബത്തെ ഇനിയും സംരക്ഷിക്കുമെന്നും മധുസൂദനൻ വ്യക്തമാക്കി.

ഒരു നയാപൈസ പോലും വകമാറ്റിയിട്ടില്ല എന്ന് തറപ്പിച്ചുപറയുകയാണ് മധുസൂദനൻ ചെയ്തത്. 46 ലക്ഷം സംബന്ധിച്ച് കുഞ്ഞികൃഷ്ണൻ നിരന്തരം സംശയം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. താൻ പൈസ തട്ടിയെങ്കിൽ പാർട്ടിക്കാർ നോക്കിയിരിക്കുമോ എന്നും തങ്ങളെല്ലാം തുറന്ന പുസ്തകമാണെന്നും എംഎൽഎ പറഞ്ഞു. ഏരിയാ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടായി പിരിച്ചെടുത്ത 71 ലക്ഷത്തിന് കണക്കില്ലെന്ന ആരോപണത്തിലും മധുസൂദനൻ പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് ഓഫീസ് മാറ്റിയതെന്ന് കുഞ്ഞികൃഷ്ണന് അറിയാം. കോൺഗ്രസ് പ്രവർത്തകന്റെ മരണത്തിന് പിന്നാലെ സിപിഐഎം ഓഫീസ് തകർക്കപ്പെട്ടു. ഈ ആക്രമണങ്ങളെ ഗൗരവമായി കണ്ടാണ് സുരക്ഷിതമായ ഇടത്തേക്ക് ഓഫീസ് മാറ്റാൻ തീരുമാനിച്ചത് എന്നും എംഎൽഎ വ്യക്തമാക്കി.

ബാങ്ക് ജീവനക്കാർ നൽകിയ പണം കാണാനില്ലെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്കും എംഎൽഎ മറുപടി നൽകി. കുഞ്ഞികൃഷ്ണൻ സ്വയം ന്യായീകരിക്കാൻ എന്തും പറയും. പയ്യന്നൂരിലെ റിട്ടയർഡ് ബാങ്ക് ഉദ്യോഗസ്ഥരാണ് ഓഫീസ് നിർമാണ ഫണ്ട് കൈകാര്യം ചെയ്തത്. പാർട്ടി ലോക്കൽ കമ്മിറ്റികളാണ് പണം സമാഹരിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് ലോക്കൽ കമ്മിറ്റികൾക്ക് ഇളവ് നൽകിയിരുന്നു. അവർ പിന്നീട് പണംനൽകുകയും ചെയ്തു. സമയത്തിന് ഓഡിറ്റ് നടത്താത്തത് പാർട്ടിക്ക് പ്രയാസമുണ്ടാക്കിയതിനാലാണ് തനിക്കെതിരെ നടപടി ഉണ്ടായത് എന്നും എംഎൽഎ പറഞ്ഞു.കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഓഡിറ്റ് ഇല്ലാതെ പോകുന്ന പാർട്ടിയല്ല സിപിഐഎം എന്നും എംഎൽഎ പറഞ്ഞു.

വ്യാജ രസീത് ആരോപണത്തിലും മധുസൂദനൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമിതിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. അക്ഷരത്തെറ്റ് വന്നപ്പോൾ രസീത് മാറ്റിയടിച്ചിട്ടുണ്ട്. ഓഫീസ് സെക്രട്ടറി ഇക്കാര്യം ശരിവെച്ചതാണ്. പണം നൽകിയപ്പോൾ റെസീപ്റ്റ് നൽകാതിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. ഇലക്ഷൻ ഫണ്ട് കൈകാര്യം ചെയ്തതിൽ തനിക്ക് ഉത്തരവാദിത്തമില്ല. പാർട്ടി ഓഫീസ് സെക്രട്ടറിയാണ് അവ പൂർണമായും കൈകാര്യം ചെയ്തത് എന്നും മധുസൂദനൻ പറഞ്ഞു.

ഓഫീസ് സെക്രട്ടറി എന്തിനാണ് തന്നെ സംരക്ഷിക്കേണ്ടത് എന്നും തന്റെ ചോരക്കാണ് കുഞ്ഞികൃഷ്ണൻ നടക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.

ഒരു രൂപ പോലും ഇക്കാലയളവിൽ താൻ അനധികൃതമായി സമ്പാദിച്ചിട്ടില്ല എന്നും എംഎൽഎ വ്യക്തമാക്കി. എവിടെ നിന്നും താൻ നയാപൈസ ഉണ്ടാക്കിയിട്ടില്ല. മറിച്ച് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം. തന്റെ വരുമാന സ്രോതസ് ആർക്കും പരിശോധിക്കാമെന്നും മധുസൂദനൻ വെല്ലുവിളിച്ചു.

വൈകാരികമായാണ് മധുസൂദനൻ പ്രതികരിച്ചത്. ആരോപണങ്ങൾ തന്നെ മാനസികമായി ബാധിച്ചുവെന്ന് മധുസൂദനൻ തുറന്നുപറഞ്ഞു. ഒരു തരത്തിലും പതറിപ്പോകരുത് എന്ന പ്രവർത്തകരുടെ വികാരമാണ് തന്റെ ശക്തി. നാടിന് വേണ്ടി മുൻപിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് തങ്ങൾ. നിയമസഭാ സമ്മേളനം നടക്കുന്ന സന്ദർഭത്തിലെ ഈ ആക്രമണം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മധുസൂദനൻ ആരോപിച്ചു.

കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട കമ്മിറ്റിയാണ് ധൻരാജിന്റെ കുടുംബത്തിന് ധനസഹായം സമാഹരിക്കാൻ തീരുമാനിച്ചത് എന്നും മധുസൂദനൻ പറഞ്ഞു. പാർട്ടി പ്രവർത്തകരാണ് പണം നൽകിയത്. പൊതുജനങ്ങളിൽ നിന്ന് നയാ പൈസ വാങ്ങിയിട്ടില്ല. എല്ലാ പണവും വന്നത് അക്കൗണ്ടിലേക്കാണ്. ഇവയുടെ കണക്ക് പാർട്ടിയുടെ എല്ലാ തലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്നവർക്ക് സ്ഥാപിത താത്പര്യമെന്നും വിഷയത്തിൽ തന്നെ വേട്ടയാടുകയാണ് എന്നും മധുസൂദനൻ ആരോപിച്ചു.

ആരോപണങ്ങൾ തന്റെയും ധൻരാജിന്റെയും കുടുംബത്തിന് വലിയ വേദനയുണ്ടാക്കി എന്നും മധുസൂദനൻ പറഞ്ഞു. നാല് ദിവസം മുൻപ് ധൻരാജിന്റെ അമ്മയെ കണ്ടിരുന്നു. ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് പറഞ്ഞത്. ധൻരാജിന്റെ കുടുംബത്തെ എന്തിനാണ് വേട്ടയാടുന്നത് എന്നും എന്താണ് കുഞ്ഞികൃഷ്ണന്റെ താത്പര്യമെന്നും മധുസൂദനൻ ചോദിച്ചു. തന്റെ മകളുടെ കല്യാണാലോചന നടക്കുമ്പോഴാണ് ആരോപണം ഉയർത്തുന്നത്. ഇത്തരം വാർത്തകൾ കണ്ട് ഹൃദയം പൊട്ടിയാണ് തന്റെ ഭാര്യാ മാതാവ് മരിച്ചത്. തന്റെ കുടുംബം വലിയ വേദന അനുഭവിച്ചുവെന്നും താൻ ആരോടും ദുഖങ്ങൾ പങ്കുവെച്ചിട്ടില്ല എന്നും മധുസൂദനൻ പറഞ്ഞു. കണക്കുകളുടെ കാര്യത്തിൽ ധൻരാജിന്റെ കുടുംബത്തിന് യാതൊരു സംശയവുമില്ല എന്നും കണക്കുകളെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. രക്തസാക്ഷി ഫണ്ട് പൂർണമായും ആ കുടുംബത്തിനുള്ളതാണന്നും ആ കുടുംബത്തെ ഇനിയും പാർട്ടി സംരക്ഷിക്കുമെന്നും മധുസൂദനൻ വ്യക്തമാക്കി.

Content Highlights: TI Madhusoodhanan dismisses kunjikrishnans claims on fund fruad payyannur cpim

dot image
To advertise here,contact us
dot image