

തിരുവനന്തപുരം: നിയമസഭയില്‍ പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട വിഷയമായി ഇത് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കുകയായിരുന്നു. വേണമെങ്കില്‍ വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
അടിയന്തര പ്രമേയം തള്ളിയ വിഷയത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അങ്ങനെ പറയേണ്ട കാര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷ നേതാവിന്‍റെ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിന് പ്രാധാന്യമില്ല എന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിലവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചെങ്കിലും സഭാ നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോകുകയാണ്.
സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധമുണ്ടായി. സര്‍ക്കാര്‍ ചോദ്യങ്ങളെ ഭയക്കുന്നത് എന്തിന് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സഭാ നടപടികളുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വഴങ്ങിയില്ല.
പയ്യന്നൂരില്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയത്. അതേസമയം പാര്‍ട്ടി പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. 'നേതൃത്വത്തെ അണികള്‍ തിരുത്തട്ടെ' എന്ന പേരിലാണ് പുസ്തകം ഇറങ്ങുന്നത്. കുഞ്ഞികൃഷ്ണന്‍ തന്നെയാണ് പ്രിന്ററും പ്രസാധകരും. പ്രമുഖരെ എത്തിച്ച് പ്രകാശനം ചെയ്യുമെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ആരോപണത്തിന് തെളിവുകള്‍ ഉള്‍പ്പെടെ പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Kerala Assembly rejected the opposition’s emergency motion on the Payyannur martyrs fund scam controversy