

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതം ഏറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം കുഞ്ഞ് കുഴഞ്ഞുവീണു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളിൽ പൊലീസ് നേരത്തെ ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലിൽ ആസൂത്രിതവും പരസ്പരം സംരക്ഷിച്ചുകൊണ്ടുളള മറുപടികളുമാണ് മാതാപിതാക്കൾ നൽകിയതെന്നാണ് പൊലീസിന്റെ സംശയം. കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30നായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.
Content Highlights: Neyyattinkara baby death due to internal bleeding report; police questions parents again