

ആഗോള ഭക്ഷ്യവ്യാപാരം ലക്ഷ്യമിട്ട് നിര്‍മിക്കുന്ന 'ഫുഡ് ഡിസ്ട്രിക്ടി'ന്റെ രൂപരേഖ ഡിപി വേള്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി. ദുബായിലെ അല്‍ അവീര്‍ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് വിപുലീകരിച്ച് അതിനൂതന സൗകര്യങ്ങളോടെയാകും 'ഫുഡ് ഡിസ്ട്രിക്ട്' നിര്‍മിക്കുക. ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ ഭക്ഷ്യവ്യാപാരകേന്ദ്രങ്ങളിലൊന്നായി ഫുഡ് ഡിസ്ട്രിക്ടിനെ മാറ്റുകയാണ് ലക്ഷ്യം.
2024-ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ആഗോള ഭക്ഷ്യവ്യാപാര കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായാകും ദുബായ് ഫുഡ് ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം ആരംഭിക്കും. പുതിയ കേന്ദ്രത്തിലൂടെ ഭക്ഷ്യവിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തിക്കൊണ്ട് വ്യാപാരശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാദേശിക ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. 2.9 കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള മള്‍ട്ടി കാറ്റഗറി ഫുഡ് ട്രേഡ് ഹബായിരിക്കും ദുബായ് ഫുഡ് ഡിസ്ട്രിക്ട് പദ്ധതി. നിലവിലെ മാര്‍ക്കറ്റിന്റെ ഇരട്ടിയിലേറെ വിസ്തീര്‍ണം പുതിയ ഫുഡ് ഡിസ്ട്രിക്ടിന് ഉണ്ടാകും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വ്യാപാരം, സംഭരണം, സംസ്‌കരണം, വിതരണം എന്നിവ ഒരു കേന്ദ്രത്തില്‍ നടപ്പാക്കാന്‍ സാധിക്കും.
കോള്‍ഡ് സ്റ്റോറുകള്‍, താപനില നിയന്ത്രിത വെയര്‍ഹൗസിങ്, പ്രൈമറി-സെക്കന്‍ഡറി പ്രോസസിങ് സൗകര്യങ്ങള്‍, ഡിജിറ്റല്‍ ബാക്ക് ഓഫീസ് സൊല്യൂഷനുകള്‍, ബിസിനസ്, ഉപഭോക്തൃ സേവനം എന്നിവയ്ക്കായുള്ള പ്രത്യേക കേന്ദ്രവും ദുബായ് ഫുഡ് ഡിസ്ട്രിക്ടില്‍ സജ്ജമാക്കും. 2004-ല്‍ ആരംഭിച്ച അല്‍ അവീര്‍ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് വികസിപ്പിച്ചുകൊണ്ടാണ് ഫുഡ് ഡിസ്ട്രിക്ക് നിര്‍മിക്കുക. നിലവില്‍ 2500-ലേറെ വ്യാപാരകേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: DP World has unveiled the blueprint for its Food District project with the objective of boosting global food trade. The initiative is designed to enhance food logistics, storage, and distribution capabilities, supporting international trade and supply chain efficiency