

ജപ്പാൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് ഹിരോഷിമ നാഗസാക്കി അണുബോംബ് സ്ഫോടനമാകാം. എന്നാൽ ഈ സ്ഫോടനത്തിന് ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ ഒരു ഉയിർത്തെഴുന്നേൽപ്പ് നടത്തിയ ജപ്പാനെയാണ് പിന്നീട് ലോകം കണ്ടത്. കാഴ്ചക്കാര്‍ക്ക് ഒരുപാട് വിസ്മയങ്ങള്‍ ഒരുക്കുന്ന ഒരു രാജ്യമായി പിന്നീട് ജപ്പാന്‍ മാറി. ആരോഗ്യം, സാമ്പത്തികം തുടങ്ങി മിക്ക മേഖലകളിലും ജപ്പാൻ അതിന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജപ്പാനിലെ വിനോദസഞ്ചാര മേഖലയും ഒട്ടും പിന്നിലല്ല. ജപ്പാൻ സന്ദർശിച്ചിട്ടുള്ളവർ ഒഴിവാക്കാൻ സാധ്യത ഇല്ലാത്ത ഒരിടമാണ് നാഗസാക്കി. ഏറെ കൗതുകകരമായ പലതും ഇവിടെ സഞ്ചാരികൾക്കായി കാത്തിരിപ്പുണ്ട്.
നാഗസാക്കിയിൽ നിന്നും ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഇസഹായ നഗരത്തിലെ കൊനഗായ് മേഖലയിലെത്താം. പ്രശാന്തമായ അരിയാക്ക് കടലിന്റെ തീരമാണ് കൊനഗായ്. ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത എന്നാൽ കൗതുകകരമായ ചില നിർമ്മിതികളാണ്.
നിങ്ങൾ നാഗസാക്കിയിലെ ബസ് സ്റ്റോപ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പ്രത്യേക തരം രീതിയിലാണ് കൊനഗായ് മേഖലയിലെ ബസ് സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. വിശാലമായ അരിയാക്ക് കടലിന്റെ തീരത്തിലൂടെ നടക്കുമ്പോൾ കണ്ണുകൾ ആദ്യം ഉടക്കുക ഈ ബസ് സ്റ്റോപ്പുകളിലാണ്. പക്ഷെ ഒറ്റനോട്ടത്തിൽ ഇവ ബസ് സ്റ്റോപ്പുകളാണ് എന്ന് മനസിലാവില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.

അരിയാക്ക് കടൽത്തീരത്തിനോട് ചേർന്നാണ് ഹൈവേ 207 കടന്നുപോകുന്നത്. വഴിയരികിൽ മനോഹരമായി ചില പഴങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത് കാണാം. തണ്ണിമത്തൻ, സ്‌ട്രൊബെറി, റോക്ക്ബെറി, ഓറഞ്ച്, തക്കാളി തുടങ്ങി ഏകദേശം 16ഓളം വ്യത്യസ്ത പഴങ്ങൾ. ഹൈവേ 207 ഉടനീളം ഏകദേശം 16 സ്പോട്ടുകളിലാണ് ഈ പഴങ്ങളുടെ ശില്പങ്ങൾ കാണാൻ സാധിക്കുക.ഇനിയാണ് ട്വിസ്റ്റ്. ഈ നിർമ്മിതികളുടെ അടുത്തെത്തിക്കഴിയുമ്പോഴാണ് ഇവ ബസ്സ് സ്റ്റോപ്പുകളാണ് എന്ന സത്യം നിങ്ങൾ മനസിലാക്കുക. ആരെയും ആകർഷിക്കുന്ന രീതിയിൽ കടല്‍ത്തീരത്തിന് സമാന്തരമായി പഴങ്ങളുടെ ആകൃതിയിലുള്ള ബസ് സ്റ്റോപ്പ്. ഇങ്ങനെയും ബസ് സ്റ്റോപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ എന്ന് കാണുന്ന ഏതൊരാളും ചോദിച്ചുപോകുന്നത്ര ദൃശ്യ ഭംഗി.

1990ൽ ആണ് ഇത്തരം ബസ് സ്റ്റോപ്പുകൾ കൊനഗായിലെ ഹൈവേ 207ന് സമീപം പണി കഴിപ്പിച്ചത്. ഹിരോഷിമ നാഗസാക്കി അണുബോംബ് സ്ഫോടനത്തിന്റെ 50-ാം വാർഷികം അടുത്ത സാഹചര്യത്തിൽ ജപ്പാനിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രാവർത്തികമാക്കിയ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു ഈ ബസ് സ്റ്റോപ്പുകൾ. സിൻഡ്രെല്ല കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ നിർമ്മിച്ചത് എന്നും പറയപ്പെടുന്നു. കൂടാതെ നാഗസാക്കിയിലും ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഫലങ്ങൾ ഫലങ്ങള്‍ കൂടിയാണ് ബസ് സ്റ്റോപ്പ് ശില്‍പങ്ങളിലുള്ളത്.

എന്തായാലും പഴങ്ങളുടെ ആകൃതിയിലുള്ള ബസ് സ്റ്റോപ്പുകൾ ഉള്ളതിനാൽ 'ടോക്കിമെക്കി ഫ്രൂട്ട് ബസ് സ്റ്റോപ്പ് സ്ട്രീറ്റ്' എന്നാണ് ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നത്.
Content Highlights: Surrounded by the tranquil Ariake Sea, the quirky scene of colourful fruits popping up along the road looks like they came straight out of a fairytale. These are Japan's 'Tokimeki Fruit Bus Stop'.