

കാന്‍സറിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങള്‍ വേദന, മുഴകള്‍ അല്ലെങ്കില്‍ പെട്ടെന്ന് ശരീരഭാരം കുറയല്‍ തുടങ്ങിയവയൊക്കെ ആയിരിക്കാം. പക്ഷേ എല്ലാ കാന്‍സറുകളും ഇത്തരത്തിലുളള മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചിലതൊക്കെ വര്‍ഷങ്ങളോളം ശരീരത്തില്‍ നിശബ്ദമായി വളരുകയും അവസാന ഘട്ടത്തിലെത്തുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നവയുമായിരിക്കും. ഇവയെയാണ് silent cancer എന്ന് വിളിക്കുന്നത്. നേരത്തെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായാതിനാല്‍ ഇവ അപകടകാരികളാണ്. 'സയന്‍സ് ഡയറക്ട്', 'നാഷണല്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് ഹെല്‍ത്ത് കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ട്' തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകളിലാണ് നിശബ്ദ കാന്‍സര്‍ അഥവാ സൈലന്റ് കാന്‍സറിനെക്കുറിച്ച് പറയുന്നത്.

പാന്‍ക്രിയാറ്റിക്, അണ്ഡാശയം, കരള്‍, വൃക്ക, ചില തരത്തിലുളള സ്തന, ശ്വാസകോശ കാന്‍സറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷീണം, വയറ് വീര്‍ക്കല്‍ പോലുള്ള അവ്യക്ത ലക്ഷണങ്ങളായിരിക്കും ഇവ കാണിക്കുക. നാം ഇവയെ സാധാരണ രോഗങ്ങളായി തള്ളിക്കളയുകയും ചെയ്യും. അതുകൊണ്ടുതന്നെ വൈദ്യ പരിശോധനകള്‍ ലഭിക്കുകയുമില്ല. മിക്ക കേസുകളിലും മുഴകള്‍ സമീപത്തുള്ള അവയവങ്ങളെയോ ശാരീരിക പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്താന്‍ തക്കവിധം വലുതാകുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങുന്നത്. ഇത്തരത്തിലുളള മറഞ്ഞിരിക്കുന്ന കാന്‍സറുകള്‍ കണ്ടെത്താന്‍ പതിവായുള്ള പരിശോധന ആവശ്യമാണ്.

സയന്‍സ് ഡയറക്ടിന്റെ അഭിപ്രായത്തില്‍ ചില കാന്‍സറുകള്‍ വൈകി കണ്ടുപിടിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നേരിയതും തിരിച്ചറിയപ്പെടാന്‍ കഴിയാത്തതുമായ ലക്ഷണങ്ങളാണ്. ക്ഷീണം, ദഹനക്കേട്, വയറു വീര്‍ക്കല്‍, നടുവേദന, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ തള്ളിക്കളയാന്‍ എളുപ്പമാണ്. സമ്മര്‍ദ്ദം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ ചില ജീവിതശൈലി പ്രശ്‌നങ്ങള്‍ എന്നിവയെ ഒക്കെ കൂട്ടുപിടിച്ച് രോഗലക്ഷണങ്ങള്‍ അവഗണിക്കപ്പെടാം.
പതിവ് സ്‌ക്രീനിംഗ് പരിശോധനകളുടെ അഭാവമാണ് രോഗം വൈകി കണ്ടെത്തുന്നതിനുള്ള പ്രധാന കാരണമെന്ന് 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച് കമ്മ്യൂണിക്കേഷന്‍ ജേണലില്‍' പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. സ്തന, സെര്‍വിക്കല്‍, കൊളോറെക്ടല്‍ കാന്‍സറുകള്‍ക്ക് സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നിലവിലുണ്ട്. നിശബ്ദ കാന്‍സറുകള്‍ പലപ്പോഴും ആഴത്തിലുള്ളതോ മറഞ്ഞിരിക്കുന്നതോ ആയ അവയവങ്ങളെ ബാധിക്കുന്നവയോ ആണ്. പാന്‍ക്രിയാസ്, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെ മുഴകള്‍ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുന്നില്ല. കാരണം ആ ഭാഗങ്ങളില്‍ വേദന സംവേദനക്ഷമതയുള്ള ഞരമ്പുകള്‍ കുറവാണ്. ഇത് അനുഭവപ്പെട്ട് തുടങ്ങുമ്പോഴേക്കും കാന്‍സര്‍ മൂര്‍ച്ഛിച്ചിട്ടുണ്ടാകും.

സൈലന്റ് കാന്‍സറുകള്‍ ഏത് പ്രായത്തിലുള്ളവരെയും ബാധിക്കുമെങ്കിലും ചില ആളുകള്‍ക്ക് അപകടസാധ്യത കൂടുതലുണ്ട്.
ഇത്തരം കാന്‍സറുകള്‍ കണ്ടെത്താന്‍ പ്രയാസമാണെങ്കിലും നേരത്തെയുളള രോഗനിര്‍ണയം മാത്രമാണ് ഏക പോംവഴി. ഇടയ്ക്ക് ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാവുക, ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ CA125 പോലെയുള്ള ഇമേജിംഗ് ടെസ്റ്റുകള്‍, രക്ത പരിശോധന എന്നിവ നടത്താവുന്നതാണ്.
Content Highlights : Silent cancers can affect people of any age, but some people are at higher risk.