'ഈ കലോത്സവം തൃശൂരിലെ ജനങ്ങൾ ഹൃദയത്തിലേറ്റി'; സ്‌കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്

കേരളത്തിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കരുത്തുള്ളവരാണ് നമ്മുടെ കുട്ടികള്‍ എന്നും വി ഡി സതീശന്‍

'ഈ കലോത്സവം തൃശൂരിലെ ജനങ്ങൾ ഹൃദയത്തിലേറ്റി'; സ്‌കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്
dot image

തൃശൂര്‍: യുവജനോത്സവം എന്ന് കേള്‍ക്കുമ്പോള്‍ ഗൃഹാതുരതയാണ് മനസിലേയ്ക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമ്മാനം ലഭിക്കാതെ സങ്കടത്തോടെയും സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തോടെയും യുവജനോത്സവ വേദിയില്‍ നിന്ന് മടങ്ങിയിരുന്നു എന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. 64-ാമത് സംസ്ഥാസ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

ഈ കലോത്സവം തൃശൂരിലെ ജനങ്ങൾ ഹൃദയത്തിലേറ്റി. കേരളത്തിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കരുത്തുള്ളവരാണ് നമ്മുടെ കുട്ടികള്‍ എന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. വിദേശത്ത് പോയി ജോലി തേടുന്ന സ്ഥിതിയിലേക്ക് കുട്ടികള്‍ മാറി. വേദിയില്‍ ഇരിക്കുന്ന നമ്മള്‍ എല്ലാവരും അതിനു ഉത്തരവാദികള്‍ ആണ്. നാളെ കേരളം വൃദ്ധസദനം ആകുമോ എന്ന് ഭയമുണ്ടെന്നും കുട്ടികളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഓണ്‍ലൈനിലൂടെ സിയ ഫാത്തിമയ്ക്ക് ചട്ടത്തില്‍ ഇളവ് നല്‍കി മത്സരിക്കാന്‍ അനുമതി നല്‍കിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു.

ജാതിമത, രാഷ്ട്രീയ, ലിംഗ വ്യത്യാസം ഇല്ലാതെ നടന്ന കലോത്സവമാണിതെന്ന് റവന്യുവകുപ്പ് മന്ത്രിയും കലോത്സവത്തിന്റെ സംഘാടകനുമായ ംമന്ത്രി കെ രാജന്‍ പറഞ്ഞു. അഞ്ച് ദിവസം നീണ്ട കലോത്സവത്തില്‍ ഒരു പരാതി പോലും ഉണ്ടായില്ല. തങ്ങള്‍ ഈ കലോത്സവം അടിച്ചുപൊളിച്ചു എന്ന് തന്നെ പറയാമെന്നും മന്ത്രി പറഞ്ഞു. ഈ കലോത്സവം പുതിയൊരു ചരിത്രം കുറിച്ചു. കാസര്‍കോട് സ്വദേശിനിയായ സിയ ഫാത്തിമയ്ക്കായി സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ചട്ടങ്ങള്‍ മാറ്റിയെഴുതി. മാറ്റിയെഴുതാനുള്ളതാണ് ചട്ടങ്ങള്‍. മാനവികതയുടെ മുന്നില്‍ തുറക്കാത്ത വാതിലുകള്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിയ ഫാത്തിമയുടെ വീട്ടിലേക്ക് കലോത്സവം എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ മേളയുടെ വിജയമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു. അടുത്ത കകലോത്സവത്തില്‍ ഇന്‍ക്ലൂസീവ് ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ ആയതിനു ശേഷമുള്ള മൂന്നാമത്തെ കലോത്സവമാണെന്നും എല്ലാ കലോത്സവവും ഒന്നിനൊന്ന് മെച്ചമാക്കാൻ ശിവൻകുട്ടി നയിക്കുന്ന സംഘത്തിന് കഴിഞ്ഞുവെന്നും സ്പീക്കർ എ എൻ ഷംസീ‍‍ർ പറഞ്ഞു. പരാതിരഹിതമായി കലോത്സവം സംഘടിപ്പിച്ചുവെന്നും സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കർ ചൂണ്ടിക്കാണിച്ചു.

64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂർ സ്വന്തമാക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാക്കി. 1,023 പോയിന്‍റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്‍റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂര്‍ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തില്‍ കപ്പ് കണ്ണൂര്‍ തൂക്കുകയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് സ്വർണക്കപ്പ് ഉറപ്പിച്ചത് വഞ്ചിപ്പാട്ട് ടീമാണ്. കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമായതുകൊണ്ട് ഇരട്ടി ടെൻഷനിലാണ് കണ്ണൂരിലെ വഞ്ചിപ്പാട്ട് ടീം മത്സരത്തിനിറങ്ങിയത്. ടീമിന് എ ഗ്രേഡ് കിട്ടിയതോടെയാണ് കണ്ണൂരിൽ നിന്നും കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശ്വാസമായത്.

Content Highlights- Opposition leader v d satheesan inaugurated school kalolsavam final day

dot image
To advertise here,contact us
dot image