64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്

ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു

64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
dot image

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാക്കി. 1,023 പോയിന്‍റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്‍റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂര്‍ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തില്‍ കപ്പ് കണ്ണൂര്‍ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാൽ സ്വർണക്കപ്പ് സമ്മാനിക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് സ്വർണക്കപ്പ് ഉറപ്പിച്ചത് വഞ്ചിപ്പാട്ട് ടീമാണ്. കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമായതുകൊണ്ട് ഇരട്ടി ടെൻഷനിലാണ് കണ്ണൂരിലെ വഞ്ചിപ്പാട്ട് ടീം മത്സരത്തിനിറങ്ങിയത്. ടീമിന് എ ഗ്രേഡ് കിട്ടിയതോടെയാണ് കണ്ണൂരിൽ നിന്നും കലോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശ്വാസമായത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ലീഡ് എടുത്തത് എച്ച് എസ് ജനറൽ വിഭാഗം മത്സരങ്ങളിൽ നിന്നാണ്. എച്ച് സംസ്കൃത വിഭാഗം മത്സരത്തിലും കണ്ണൂരിന് 2 പോയിൻ്റ് ലീഡുണ്ട്. ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളിലും എച്ച് എസ് അറബിക് മത്സരങ്ങളിലും തൃശ്ശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം നിന്നു. ആലത്തൂർ ബിബിഎസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 238 പോയിന്റോടെ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ സ്കൂളിനുള്ള നേട്ടം സ്വന്തമാക്കി.

സംസ്ഥാന കലോത്സവം പോയിൻ്റ് നിലയിൽ ആദ്യ ആറ് സ്ഥാനത്തുള്ളവർ

  • കണ്ണൂർ - 1028
  • തൃശൂർ - 1023
  • കോഴിക്കോട് - 1017
  • പാലക്കാട്‌ - 1013
  • കൊല്ലം -988
  • മലപ്പുറം -981

Content Highlight; Kannur district wins first place in the kerala school kalolsavam

dot image
To advertise here,contact us
dot image