'എല്ലാവർക്കും സന്തോഷമാകാൻ ഖദറ് ധരിച്ചു; കുട്ടികൾക്ക് വേണ്ടി മീശയും പിരിച്ചു'; കലോത്സവ സമാപന വേദിയിൽ മോഹൻലാൽ

'കലോത്സവം കുട്ടികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി മാത്രമല്ല. പങ്കുവെയ്ക്കലിന്റെ പാഠം കൂടിയാണ് ഇവിടെ കാണിച്ചു നല്‍കുന്നത്'

'എല്ലാവർക്കും സന്തോഷമാകാൻ ഖദറ് ധരിച്ചു; കുട്ടികൾക്ക് വേണ്ടി മീശയും പിരിച്ചു'; കലോത്സവ സമാപന വേദിയിൽ മോഹൻലാൽ
dot image

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വന്ന് സംസാരിക്കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. അതിന് അവസരം ഒരുക്കി നല്‍കിയ വടക്കുംനാഥന് നന്ദി പറയുന്നുവെന്നും ലാല്‍ പറഞ്ഞു. താന്‍ ഏത് വേഷം ഇട്ട് വരുമെന്നത് ചര്‍ച്ചാ വിഷയമായി. എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ ഖദറ് ധരിച്ചു. കുട്ടികള്‍ക്ക് വേണ്ടി കുറച്ച് മീശയും പിരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

സമാപനത്തില്‍ ക്ഷണിച്ചപ്പോള്‍ എന്തായാലും വരുമെന്ന് അറിയിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വന്നില്ലായിരുന്നുവെങ്കില്‍ നഷ്ടമാകുമായിരുന്നു. യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് സ്‌കൂള്‍ കലോത്സവം. കലാകാരന്‍ എന്നതുകൊണ്ട് ഏറെ ആദരവോടെയാണ് അതിനെ നോക്കിക്കാണുന്നത്. മുന്‍പ് കലോത്സവത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. കലാതിലകങ്ങള്‍ക്കും കലാപ്രതിഭകള്‍ക്കും സിനിമാതാരങ്ങളുടെ അത്ര താരപ്രഭയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ സജീവമാകുന്നതിന് മുന്‍പുള്ള കാര്യമാണിതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

മലയാള സിനിമയ്ക്കും യുവജനോത്സവം ഒരുപാട് പേരെ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യരും നവ്യാ നായരും കെ എസ് ചിത്രയുമെല്ലാം കലോത്സവത്തിലൂടെ ഉയര്‍ന്നുവന്നവരാണ്. കലോത്സവം കുട്ടികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി മാത്രമല്ല. പങ്കുവെയ്ക്കലിന്റെ പാഠം കൂടിയാണ് ഇവിടെ കാണിച്ചു നല്‍കുന്നത്. പാഠപുസ്തകത്തിന് അപ്പുറത്ത് ജീവിത അനുഭവങ്ങള്‍ നല്‍കുന്ന മേളയാണ് കലോത്സവം. ഇതിന് അവസരം നല്‍കുന്ന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലയെ ഇനിയും വളര്‍ത്തിയെടുക്കണം. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലയ്ക്ക് സ്‌നേഹാഭിനന്ദനം. ഇതൊരു മത്സരമല്ല, ഉത്സവമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Mohanlal attended the closing ceremony of the school kalolsavam as the chief guest.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us