

തിരുവനന്തപുരം: സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെതിരെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണമെന്നാണ് വിമർശനം.
വിഷം വമിപ്പിക്കുന്ന രീതിയിൽ എ കെ ബാലനെ പോലെയുള്ളവർ കേരളത്തിന്റെ തെരുവിൽ ഇറങ്ങിയാൽ തെരുവ് നായയെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതേ രീതിയിൽ കൈകാര്യം ചെയ്യേണ്ട സാമൂഹ്യ സാഹചര്യം ഈ കേരളത്തിലുണ്ടാകും. രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസ്താവന.
ഒരു പ്രത്യേക മതവിഭാഗമാണ് ഈ നാട്ടിൽ കലാപം ഉണ്ടാകുന്നതെന്ന് സംഘപരിവാറിനെക്കാൾ ശക്തിയിൽ എ കെ ബാലൻ പറഞ്ഞ് കൊണ്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഐഎം മുതിർന്ന നേതാക്കൾ, നാട് മറന്നുപോയ മാറാടിനെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഭരണകൂടം ബോധപൂർവ്വം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നുവെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും മാറാടുകൾ ആവർത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പരാമർശം. 'യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോൾ പല മാറാടുകളും ആവർത്തിക്കും. ഒന്നാം മാറാട്, രണ്ടാം മാറാട്, തലശേരി കലാപത്തിന്റെ സമയങ്ങളിൽ അവർ നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാൾ വലിയ വർഗീയതയാണ് ലീഗ് പറയുന്നത്' എന്നായിരുന്നു എ കെ ബാലന്റെ വിവാദ പരാമർശം. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ പറഞ്ഞത് തെറ്റായി വളച്ചൊടിക്കപ്പെട്ടുവെന്നും പരാമർശത്തിൽ മാപ്പ് പറയില്ലെന്നുംഎ കെ ബാലൻ പറഞ്ഞിരുന്നു.
Content Highlights: youth congress leader binu chulliyil criticize ak balan on his maradu comment