'വ്യക്തിഹത്യ ചെയ്യുന്നു'; സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത

തന്റെ വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി

'വ്യക്തിഹത്യ ചെയ്യുന്നു'; സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി രാഹുൽ കേസിലെ അതിജീവിത
dot image

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത പരാതി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരനുമാണ് അതിജീവിത പരാതി നല്‍കിയത്. തന്റെ വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പരാതി. വ്യക്തിഹത്യക്ക് എതിരെ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷകള്‍ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. മാവേലിക്കര സബ്ജയിലിലുള്ള രാഹുലിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രാഹുലുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വാദം കേട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്.

പീഡന പരാതി നല്‍കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ രാഹുല്‍ അതിജീവിതയ്ക്കെതിരെ നടത്തിയ ഗുരുതര ഭീഷണി സന്ദേശങ്ങളുടെ വിവരങ്ങളും പുറത്തുവന്നു. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും', എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. 'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്‌തോളാം', എന്നത് ഉള്‍പ്പെടെയാണ് ഭീഷണിപ്പെടുത്തല്‍.

Content Highlights: The survivor in the Rahul Mamkootathil case has lodged a complaint alleging cyber attack and online harassment

dot image
To advertise here,contact us
dot image