

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച തുടർച്ചയായ വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് ഹാരിസിന്റെ കുറിപ്പ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകൾ ആരേയും വെറുതെ വിടില്ലെന്നും ധാരാളം ചെറുപ്പക്കാർ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളിൽ വരുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.
എയ്ഡ്‌സ്, വൈറൽ മഞ്ഞപിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് ബി, സി അടക്കമുള്ള രോഗങ്ങളെ കുറിച്ചും ഇതെല്ലാം ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചുമാണ് കുറിപ്പ്. ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകളെ നിയന്ത്രിക്കാൻ ഗർഭ നിരോധന ഉറകൾ ആണ് ഒരു സുരക്ഷിതമാർഗം. പക്ഷെ, ഗർഭ നിരോധന ഉറകൾ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ട്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ' നിന്നെ ഞാൻ സ്ഥിരമായി കിടത്തും' എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗർഭം ആയി എന്ന് പറയുമ്പോൾ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോയെന്നും കുറിപ്പിൽ പറയുന്നു.
ഡോ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
പീഡനം… പീഢനം…. പീഠനം:
ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ട്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളിൽ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാൻ പറഞ്ഞുവരുന്നത്. കോടതി തെളിവുകൾ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകൾ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല. a, b, c, d മുതൽ z വരെ രഹസ്യക്കാർ ഈ ചങ്ങലയിൽ ഉണ്ടാകാം. ഇതിൽ ആർക്കെങ്കിലും ഒരാൾക്ക് താഴെ പറയുന്ന രോഗങ്ങൾ ഉണ്ടെങ്കിൽ, ഈ ശൃംഖലയിൽ മുഴുവൻ പേർക്കും സൗജന്യമായി അത് കിട്ടും. ധാരാളം ചെറുപ്പക്കാർ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളിൽ വരുന്നുണ്ട്. ഗർഭ നിരോധന ഉറകൾ ആണ് ഒരു സുരക്ഷിതമാർഗം. പക്ഷെ, ഗർഭ നിരോധന ഉറകൾ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ട്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗർഭം ആയി എന്ന് പറയുമ്പോൾ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീർച്ചയായും അണുബാധയ്ക്ക് ചാൻസുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f…. അംഗങ്ങൾ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ!! ഈ അണുബാധകൾ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്‌സ് ആണ് പ്രധാനി.
മരുന്നുകൾ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങൾ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയിൽ ചികിത്സയ്ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതിൽ രോഗം കണ്ടെത്തുകയും സംഗതികൾ കീഴ്മേൽ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയർന്ന മരണനിരക്കാണ് എയ്ഡ്‌സ് രോഗത്തിന്. വൈറൽ മഞ്ഞപിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേർ. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവൻ കൂടെ കാണും. ആശുപത്രിയിൽ ഒരു ചെറിയ ഓപ്പറേഷന് പോയാൽ പോലും ഈ മൂന്ന് രോഗങ്ങളും സ്ക്രീൻ ചെയ്യും. പോസിറ്റീവ് ആണെങ്കിൽ ബയോഹസാർഡ് എന്ന് ലേബൽ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവൻ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാൻസർ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളിൽ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാൻസ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാൻസർ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലൻ. സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേർ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം. പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താൽ ഒന്ന് ഫ്രീ, ഒന്നെടുത്താൽ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും.ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തിൽ പറയുന്നതാണ്. വെറും പറച്ചിൽ അല്ല, വാർണിങ് ആണെന്ന് കൂട്ടിക്കോളൂ. " ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ" ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാൻ ഇടവരുത്തരുത്.
Content Highlights: dr haris chirackal facebook post about sexually transmitting health issues