

ഒരുസമയത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെന്നും ഇടംപിടിച്ചിരുന്ന പ്രണയജോഡികൾ ആയിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. അവരുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. 2007-ൽ 'ബച്ച്‌നാ ഏ ഹസീനോ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് രൺബീറും ദീപികയും പ്രണയത്തിലാവുന്നത്. പക്ഷേ രണ്ടുവർഷത്തിനുള്ളിൽ ആ ബന്ധം അവസാനിച്ചു. ബ്രേക്കപ്പിനുശേഷം ഇവർ ഒന്നിച്ചഭിനയിച്ച ആദ്യത്തെ സിനിമയാണ് 'യേ ജവാനി ഹേ ദീവാനി'. ഇപ്പോഴിതാ ഈ സിനിമയുടെ സെറ്റിൽ വെച്ചുള്ള ഇരുതാരങ്ങളുടെയും പെരുമാറ്റത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ നവീൻ കൗശിക്.
സെറ്റിൽ വലിയ വഴക്ക് ഉണ്ടാകുമെന്ന് കരുതിയെങ്കിലും രൺബീറും ദീപികയും തികച്ചും പ്രൊഫഷണലായി ആണ് പെരുമാറിയതെന്ന് നവീൻ ഓർക്കുന്നു. 'എല്ലാവരെയും പോലെ ഞങ്ങളും കരുതിയത് സെറ്റിൽ എപ്പോൾ വേണമെങ്കിലും ഒരു വലിയ വഴക്ക് ഉണ്ടാവുമെന്നാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, അത് കാണാൻ കഴിയുമെന്നും അതിനെക്കുറിച്ച് ഗോസിപ്പുകൾ പറയാമെന്നും സെറ്റിലുള്ളവരെല്ലാം കരുതി. പക്ഷേ അങ്ങനെയൊന്നും നടന്നില്ല. സെറ്റിൽ അവർ തികച്ചും പ്രൊഫഷണലായ രണ്ട് വ്യക്തികളായിരുന്നു', നവീന്റെ വാക്കുകൾ.
ദീപിക പദുക്കോണിനെ പോലെ പ്രൊഫഷണലായ ഒരു നടിയെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നും നവീൻ കൂട്ടിച്ചേർത്തു. 'വളരെ കഠിനമായിരുന്നു ആ സിനിമയുടെ ചിത്രീകരണം. ദൈർഘ്യമുള്ള ജോലിസമയമായിരുന്നില്ല കാരണം. മറിച്ച് വളരെ ദുർഘടം പിടിച്ച ലൊക്കേഷനുകൾ കാരണമായിരുന്നു. വളരെ കുത്തനെയുള്ള മലനിരകളിലും സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് കഴിഞ്ഞാൽ രാത്രികളിൽ പാർട്ടിയുണ്ടാവും. അതിലും രൺബീറും ദീപികയും വളരെ സൗഹാർദത്തോടെയാണ് പെരുമാറിയിരുന്നത്. പരസ്പരം അസൂയയൊന്നുമില്ലാത്ത രണ്ടുപേർ. അവരോടൊപ്പം ജോലി ചെയ്യുന്നതും രസകരമായിരുന്നു. ദീപിക പദുക്കോണിനെക്കാൾ പ്രൊഫഷണലായ ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എപ്പോഴും കൃത്യസമയത്ത് ജോലിചെയ്യുന്ന, സ്വന്തം ജോലി നന്നായി അറിയുന്നയാൾ. അവർ ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല', നവീൻ പറഞ്ഞു.

അയൻ മുഖർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനിയിൽ രൺബീർ കപൂറിനൊപ്പം ആദിത്യ റോയ് കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് പിൽകാലത്ത് ഒരു കൾട്ട് ഫോളോയിങ് ഉണ്ടാകുകയും ചെയ്‌തു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. വി. മണികണ്ഠൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് അകിവ് അലി ആണ്. പ്രീതം ആണ് സിനിമയ്ക്ക് സംഗീതം നല്‍കിയത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് സിനിമ നിർമിച്ചത്.
Content Highlights: Deepika padukone- ranbir kapoor shooting experience post breakup