

ആദ്യകാലങ്ങളിൽ വിദേശയാത്ര നടത്തുമ്പോൾ സ്ഥിരമായി വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ തടയാറും ചോദ്യം ചെയ്യാറുമുണ്ടായിരുന്നെന്ന് നടൻ ഇമ്രാൻ ഹാഷ്മി. സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നത് തന്നെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിരുന്നു എന്നും അതിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും ധരിച്ചിരുന്ന കമ്മലും അക്കാലത്തെ തൻ്റെ രൂപവുമൊക്കെയാവാം അതിന്റെ കാരണമെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു. തന്റെ പുതിയ വെബ് സീരീസായ 'തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്ബി'ൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുമ്പോൾ ചെറിയ പരിഭ്രാന്തി തോന്നും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, ഞാൻ വസ്ത്രങ്ങൾ മാത്രമാണ് പാക്ക് ചെയ്തതെങ്കിലും, ഗ്രീൻ ചാനലിലൂടെ നടക്കുമ്പോൾ ബാഗിൽ 100 കിലോ നിരോധിത വസ്തുക്കൾ ഉണ്ടെന്ന് തോന്നും', ഇമ്രാൻ ഹാഷ്മിയുടെ വാക്കുകൾ. അതേസമയം, ഇപ്പോൾ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ, അവർ തന്നെ സംശയിക്കുന്നില്ലെന്നും ഇമ്രാൻ പറഞ്ഞു. ‘മുമ്പെന്നെ പലപ്പോഴും സൈഡിലേക്ക് മാറ്റി നിർത്താറുണ്ടായിരുന്നു. അതിനെയാണ് പ്രൊഫൈലിംഗ് എന്ന് പറയുന്നത്. ഞാൻ വേറാരോ ആണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല', നടൻ കൂട്ടിച്ചേർത്തു.
നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന 'തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഇമ്രാൻ ഹാഷ്മിയുടെ പ്രൊജക്റ്റ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ വെബ് സീരീസ് പുറത്തുവരുന്നത്. ജനുവരി 14 ന് തസ്കരി: ദി സ്മഗ്ലേഴ്സ് വെബ് സ്ട്രീമിങ് ആരംഭിക്കും. സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. കസ്റ്റംസ്, കള്ളക്കടത്ത്, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്.

അതേസമയം, ഇമ്രാൻ ഹാഷ്മി, യാമി ഗൗതം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹഖ് എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒരു കോർട്ട്റൂം ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയിലെ ഇമ്രാന്റെയും യാമി ഗൗതമിന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
Content Highlights: There was a time when I was constantly questioned at airports says Emraan hashmi