

കൽപറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകൾ കോൺഗ്രസ് എന്ന് കൊടുക്കുമെന്ന് പറയണമെന്ന് സിപിഐഎം നേതാവ് സി കെ ശശീന്ദ്രൻ. സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും സി കെ ശശീന്ദ്രൻ ചോദിച്ചു. ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടി സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നുവെന്നും സി കെ ശശീന്ദ്രൻ പ്രതികരിച്ചു. 230 വീടുകൾ കോൺഗ്രസ് നൽകും എന്ന് പറഞ്ഞതാണ്. എത്ര പണം പിരിച്ചു എന്ന് വ്യക്തമാക്കണം. ദുരന്ത ബാധിതരുടെ കണ്ണീർ വിറ്റ പണം എന്ത് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരൻ്റെ പേരിൽ പണം പിരിച്ച് കബളിപ്പിച്ചവരാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗണ്‍ഷിപ്പ് ഇന്നലെ ടി സിദ്ദിഖ് എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. വീടുകളുടെ ആദ്യഘട്ട കൈമാറ്റം അടുത്തമാസം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി.അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ടി സിദ്ദിഖ് എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എസ്ടിപി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി തുടങ്ങണമെന്നും കെഎസ്ഇബി കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പുനരധിവാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമെന്നും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സംഘം വ്യക്തമാക്കിയിരുന്നു.
Content Highlight : Chooralmala-Mundakai rehabilitation; Congress should say that they will provide houses; CK Saseendran.Congress said it would provide 230 houses. It should be clarified how much money was collected