

വിജയ് നായകനാകുന്ന ജനനായകന്‍ എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയില്‍ സെന്‍സര്‍ ബോര്‍ഡിനെ ശക്തമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കികൊണ്ട് ജസ്റ്റിസ് പി ടി ആശ പുറപ്പെടുവിച്ച വിധിയില്‍ സെന്‍സര്‍ ബോര്‍ഡ് ഇല്ലാത്ത അധികാരം പ്രയോഗിച്ചുവെന്നും പരാമര്‍ശമുണ്ട്. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പരാതിക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. പരാതി അപകടകരമായ കീഴ്വഴക്കമാണെന്നും ഇത്തരം പരാതികള്‍ പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയര്‍മാന്‍ ഉപയോഗിച്ചതെന്ന വിമര്‍ശനവും ഹൈക്കോടതി ഉയര്‍ത്തിയിട്ടുണ്ട്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയ നടപടി റദ്ദാക്കികൊണ്ട് കോടതി പറഞ്ഞു.
സിനിമയ്ക്ക് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ മാത്രമാണ് ബാധകം. സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വരുത്തിയാല്‍ സ്വാഭാവികമായും സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതാണ് രീതിയെന്നും കോടതി സെന്‍സര്‍ ബോര്‍ഡിനെ ഓര്‍മിപ്പിച്ചു. നിര്‍മ്മാതാക്കളുടെ വാദം ശരിവെച്ച് ഹൈക്കോടതി ജനനായകന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. കോടതി നടപടികള്‍ കേള്‍ക്കാനായി നടന്‍ വിജഓണ്‍ലൈനില്‍ ഹാജരായിരുന്നു.

എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിബിഎഫ്‌സി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സിബിഎഫ്സിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുകയായിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2.15ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.
ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകന്‍ന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്.
റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
Content Highlights: The Madras High Court has granted permission for the release of the film Jana Nayagan while addressing the objections raised by the Censor Board. The court questioned the board’s approach and issued specific directions, stating that certification should follow established legal norms and not subjective interpretations.