

കഴിഞ്ഞ വര്‍ഷം യുപിയിലെ കുംഭമേളയില്‍ പൂമാല വിക്കാനെത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായ മോണലിസയെ ആരും പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല. മനോഹരമായ കണ്ണുകളുള്ള മോണലിസ രാജ്യം മുഴുവന്‍ വൈറലായതിന് പിന്നാലെ സിനിമയില്‍ നിന്നും അവസരം വരെ ആ പെണ്‍കുട്ടിയെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ മോണലിസയെ പോലെ മറ്റൊരു പെണ്‍കുട്ടിയും പ്രയാഗ്‌രാജില്‍ നിന്നും സമൂഹമാധ്യമത്തിലൂടെ വൈറലാവുകയാണ്. പേര് അഫ്‌സാന പവാര്‍. മാഘമേളയില്‍ പൂമാല വില്‍ക്കാന്‍ തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ഒപ്പമെത്തിയതാണ് ഈ പെണ്‍കുട്ടി.
സമൂഹമാധ്യമങ്ങളില്‍ അഫ്‌സാന പവാറിന്റെ നിരവധി വീഡിയോകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അഫ്‌സാന ഒരു വ്‌ളോഗറുമായി സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മോണലിസയെ പോലെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോകുമോയെന്ന് ചോദിക്കുമ്പോള്‍, അവള്‍ പ്രശസ്തയാവുന്നതും നല്ല അവസരങ്ങള്‍ കിട്ടുന്നതും സന്തോഷമാണെന്നാണ് ബന്ധുക്കള്‍ അടക്കം പ്രതികരിക്കുന്നത്.
വീഡിയോക്ക് താഴെ കമന്‍റുകളില്‍ അഫ്‌സാന മോണലിസയുടെ ബന്ധുവാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇരുവരുടെയും കണ്ണുകളുടെ പ്രത്യേകതയാണ് പലരിലും സംശയം ജനിപ്പിച്ചതും. ചില വീഡിയോയില്‍ അഫ്സാന മോണലിസയുടെ ബന്ധുവാണെന്ന് തന്നെ അവകാശപ്പെടുന്നുണ്ട്.
പല ദേശീയ മാധ്യമങ്ങളിലും അഫ്‌സാന പവാറിനെ കുറിച്ചുള്ള വാര്‍ത്തകളും വന്നിട്ടുണ്ട്. മേളയ്‌ക്കെത്തുന്ന പലരും അഫ്‌സാനയ്‌ക്കൊപ്പം സെല്‍ഫികള്‍ എടുക്കാനും മത്സരമാണ്.
Content Highlights: After Monalisa from Kumbh Mela, Now Afsana Pawar from Magh Mela goes viral