

തൃശ്ശൂര്‍: മാറാട് പരാമര്‍ശത്തില്‍ സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാറാട് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വര്‍ഗീയ കലാപങ്ങളുടെ പേരില്‍ താല്‍ക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
'കേരളം മതമൈത്രിയുടെ നാടാണ്. മാറാട് കലാപം ഉണ്ടായിട്ടുണ്ട്. പൂന്തുറ സംഭവവും ചാല ബസാറിലെ സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്കും താല്‍ക്കാലിക ലാഭത്തിനായി അത്തരം വര്‍ഗീയ കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളെ സംബന്ധിച്ച് മുന്‍കൂര്‍ ധാരണ ഉണ്ടാവണം. അതാണ് എ കെ ബാലനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ചത്. മാറാട് സംഭവം ഉണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കള്‍ അവിടെപ്പോയത് എപ്പോഴാണെന്നും ആരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണെന്നും നമുക്ക് അറിയാം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപോലും കലാപം നടന്നിടത്തേക്ക് എന്നാണ് പോയതെന്ന് അറിയാം. വര്‍ഗീയ കലാപം മുന്‍നിര്‍ത്തി താല്‍ക്കാലികമായ മുതലെടുപ്പ് നടത്തുന്നത് ശരിയായ രീതിയല്ല. അതൊന്നും വോട്ടായി മാറ്റില്ല', ശിവന്‍കുട്ടി പറഞ്ഞു.
നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കിയ കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെതിരെയും മന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇത്രയും വലിയ ലോക കള്ളന്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത്, ബിരിയാണി ചെമ്പ്, സ്വപ്‌നാസുരേഷ്, ലൈഫ് മിഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയുള്ള അന്വേഷണം…എന്തൊക്കെ കോലാഹലമാണ് ഇയാള്‍ കാണിച്ചത്. എത്രകോടി രൂപയായിരിക്കണം സമ്പാദിച്ചത്. പിരിച്ചുവിട്ടത് സ്വാഗതാര്‍ഹം. ജയിലില്‍ അടച്ച് അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സിയുടെ വിശ്വാസം നഷ്ടപ്പെട്ടു. എത്ര കുടുംബമാണ് തകര്‍ത്തത്. സര്‍ക്കാരിന്റെ തണലില്‍ നിന്നുകൊണ്ട് കൈക്കൂലിയും സ്വജനപക്ഷപാതവും നടത്തിയ ഉദ്യോഗസ്ഥര്‍ കാണില്ല എന്നും മന്ത്രി പറഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് നല്‍കിയിട്ടുള്ള പൂക്കളുടെ പേരില്‍ നിന്നും താമരയെ ഒഴിവാക്കിയത് വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കലോത്സവ വേദികളില്‍ നിന്നും താമര ഒഴിവാക്കിയത് ദേശീയ രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നം ആയതുകൊണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുന്നതുസംബന്ധിച്ചുള്ള ചോദ്യത്തോട് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംഘടന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മത്സരിക്കുമെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും സംഘടനാവിരുദ്ധമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: v sivankutty Support A k balan over Marad issue