

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരുവനന്തപുരം ജില്ലയില്‍ ഒന്‍പത് സീറ്റുകള്‍ ലക്ഷ്യമിട്ട് യുഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലില്‍ മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെയും മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ എസ് ശബരിനാഥനെയും കെപിസിസി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദിനെയുമാണ് യുഡിഎഫ് പരിഗണിക്കുന്നത്. നേമത്ത് ജവഹര്‍ ബാലമഞ്ച് ദേശീയ ചെയര്‍മാന്‍ ഡോ. ജി വി ഹരി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ മുരളീധരനും കെ എസ് ശബരീനാഥനുമാണ് സാധ്യത. കഴക്കൂട്ടത്ത് ടി ശരത്ചന്ദ്ര പ്രസാദും ഡോ. എസ് എസ് ലാലും ജെ എസ് അഖിലും പരിഗണനയിലുണ്ട്. അരുവിക്കര മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എം ആര്‍ ബിജുവിനെയും കെപിസിസി മുന്‍ അധ്യക്ഷന്‍ എം എം ഹസനെയും ശബരീനാഥനെയുമാണ് പരിഗണിക്കുന്നത്. വര്‍ക്കലയില്‍ മുന്‍ എംഎല്‍എ വര്‍ക്കല കഹാറിനാണ് സാധ്യത കൂടുതല്‍. എം ജെ ആനന്ദും പരിഗണനയിലുണ്ട്.
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, വി എസ് ശിവകുമാര്‍ എന്നിവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പ്രാണകുമാറിനും സാധ്യതയുണ്ട്. വാമനപുരത്ത് കെപിസിസി പ്രസിഡന്റ് പാലോട് രവിയ്ക്കാണ് സാധ്യത. ആനാട് ജയനെയും ജില്ലാ പഞ്ചായത്ത് അംഗം സുധീര്‍ഷ പാലോടിനെയും പരിഗണിക്കുന്നുണ്ട്.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ എസ് ഗോപകുമാറിനും ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശിയ്ക്കുമാണ് സാധ്യത. കാട്ടാക്കടയില്‍ നെയ്യാറ്റിന്‍കര സനലും മലയിന്‍കീഴ് വേണുഗോപാലും പരിഗണനയിലുണ്ട്. നെടുമങ്ങാട് കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷഫീര്‍, എം എ വാഹിദ് എന്നിവര്‍ക്കാണ് സാധ്യത. കോവളത്ത് സിറ്റിംഗ് എംഎല്‍എ എം വിന്‍സെന്റ് തന്നെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എസ് അനൂപും കെപിസിസി ജനറല്‍ സെക്രട്ടറി കെ എസ് ഗോപകുമാറും ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശിയുമാണ് പരിഗണനയിലുളളത്.
Content Highlights: UDF targets 9 seats in Thiruvananthapuram; K Muraleedharan and Sabarinathan in vattiyoorkavu