വയനാട് പുൽപ്പള്ളി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ UDF-BJP സഖ്യം; പാർട്ടി തീരുമാനമെന്ന് യുഡിഎഫ് അംഗം

പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ്

വയനാട് പുൽപ്പള്ളി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ UDF-BJP സഖ്യം; പാർട്ടി തീരുമാനമെന്ന് യുഡിഎഫ് അംഗം
dot image

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി സഖ്യം. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എം ടി കരുണാകരന്‍ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്‌ലിം ലീഗ് പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അതേസമയം കെപിസിസി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്ക് വോട്ട് നല്‍കിയ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രംഗത്തെത്തി.

'ഏഴ് കോണ്‍ഗ്രസ് മെമ്പര്‍മാരും ഒരു ലീഗ് മെമ്പറും നാല് ബിജെപി മെമ്പര്‍മാരും വോട്ട് ചെയ്തതിനാല്‍ കോണ്‍ഗ്രസ് - ബിജെപി - മുസ്‌ലിം ലീഗ് സഖ്യത്തിന് ലഭിച്ചത് 12 വോട്ട്. എല്‍ഡിഎഫിന് എല്‍ഡിഎഫിന്റെ ഒമ്പത് വോട്ടും ലഭിച്ചു. ഇതിന്റെ ഭാഗമായി 2 സ്റ്റാന്‍ഡിങ് കമ്മിറ്റി കോണ്‍ഗ്രസിനും ഒരു സ്റ്റാന്റിങ് കമ്മിറ്റി ബിജെപിക്കും ലഭിച്ചു. എല്ലാം മുസ്‌ലിം ലീഗിന്റെ ബിജെപിക്കെതിരായ പോരാട്ടവും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനായുള്ള പോരാട്ടവും ആണല്ലോ എന്നോര്‍ക്കുമ്പോളാ', എന്നായിരുന്നു കെ റഫീഖിന്റെ പ്രതികരണം.

Content Highlights: UDF and BJP reportedly joined hands during the Pulppalli Grama Panchayat Standing Committee election in Wayanad

dot image
To advertise here,contact us
dot image