

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെയാണ് ഹൈക്കോടതി നീട്ടിയത്.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കോടതി കക്ഷി ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്.
അതേസമയം താന്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. കുടുംബപ്രശ്നത്തില്‍ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞിരുന്നു. രാഹുലിന്റെ എംഎല്‍എ സ്ഥാനമാണ് കോണ്‍ഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: High Court extended interim ban on arrest in the Rahul Mamkoottathil case