

ബാങ്കുകളുടെ ലാഭവിഹിത പ്രഖ്യാപനം സംബന്ധിച്ച കരട് ചട്ടക്കൂട് പുറത്തിറക്കി റിസര്‍വ് ബാങ്ക്. ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നത് അവരുടെ അറ്റാദായത്തിന്റെ 75 ശതമാനമായി പരിമിതപ്പെടുത്താന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ഇത് നികുതിക്ക് ശേഷമുള്ള ലാഭം എന്നും അറിയപ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ബാധകമായ റെഗുലേറ്ററി മൂലധന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പേഔട്ട് വര്‍ഷത്തില്‍ തുടര്‍ന്നും പാലിക്കണമെന്നും കരട് ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഡിവിഡന്റ് നല്‍കിയതിനുശേഷവും മൂലധനം റെഗുലേറ്ററി പരിധിക്ക് മുകളിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്ത്യന്‍ ബാങ്കുകള്‍ ഈ കാലയളവില്‍ പോസിറ്റീവ് അഡ്ജസ്റ്റഡ് ചെയ്ത നികുതിക്ക് ശേഷമുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം ബ്രാഞ്ച് രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ക്ക് അവരുടെ ഹെഡ് ഓഫീസുകളിലേക്ക് ലാഭം അയയ്ക്കുന്നതിന് നികുതിക്ക് ശേഷമുള്ള ലാഭം ഉണ്ടായിരിക്കണം. കൂടാതെ, ഈ ബാങ്കുകള്‍ ആര്‍ബിഐ അല്ലെങ്കില്‍ മറ്റേതെങ്കിലും അതോറിറ്റി ഏര്‍പ്പെടുത്തിയ വ്യക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകരുത്.

ലാഭവിഹിത പ്രഖ്യാപനം, ലാഭവിഹിതം കൈമാറല്‍ എന്നിവയെ നിയന്ത്രിക്കുന്ന നിലവിലുള്ള പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍, ആര്‍ബിഐ പുനഃപരിശോധന നടത്തിയിരുന്നു. ഇന്ത്യയില്‍ ബ്രാഞ്ച് രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ക്ക് ബാധകമായവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, പൊതുജനാഭിപ്രായങ്ങള്‍ക്കായി 2024 ജനുവരി 2 ന് പുതുക്കിയ ചട്ടക്കൂടിന്റെ ഒരു കരട് പുറത്തിറക്കി. ഓഹരി ഉടമകളുടെ പ്രതികരണങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം, പരമാവധി യോഗ്യമായ ഡിവിഡന്റ് പേഔട്ട് കണക്കാക്കുന്നതിനുള്ള പുതുക്കിയ രീതി നിര്‍ദ്ദേശിക്കുന്ന കരട് നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ബാങ്കുകള്‍ക്ക്, അവരുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടിയ അറ്റാദായം മുന്‍കൂര്‍ ആര്‍ബിഐ അനുമതിയില്ലാതെ അയയ്ക്കാവുന്നതാണ്.
ഏതെങ്കിലും അധിക പണമടയ്ക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ ഹെഡ് ഓഫീസ് ഉടനടി ഇത് തിരികെ നല്‍കണം. നികുതിക്ക് ശേഷമുള്ള ലാഭം കണക്കാക്കുന്നതിന്, ബാങ്കുകള്‍ സാധാരണയില്‍ നിന്ന് അധികമായി ലഭിച്ച വരുമാനവും സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും അധിക ലാഭവും ഒഴിവാക്കേണ്ടതുണ്ട്. യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ ഡിവിഡന്റ് വിതരണമോ ലാഭ പണമയയ്ക്കലോ നിയന്ത്രിക്കാനുള്ള അവകാശം ആര്‍ബിഐ നിലനിര്‍ത്തിയിട്ടുണ്ട്.