തോറ്റാൽ കാരണം കണ്ടെത്തി നടപടി എടുക്കണം,പകരം കുരുടൻ ആനയെ കണ്ടതുപോലെയാണ് CPIM നേതാക്കളുടെ സ്ഥിതി:K C വേണുഗോപാൽ

എ കെ ബാലന്‍റേത് തനി വർഗീയത വിളമ്പുന്ന പരാർമർശം, അത് അദ്ദേഹത്തെകൊണ്ട് പറയിപ്പിച്ചതാണെന്ന് കെ സി

തോറ്റാൽ കാരണം കണ്ടെത്തി നടപടി എടുക്കണം,പകരം കുരുടൻ ആനയെ കണ്ടതുപോലെയാണ് CPIM നേതാക്കളുടെ സ്ഥിതി:K C വേണുഗോപാൽ
dot image

ആലപ്പുഴ: സിപിഐഎം നേതാവ് എ കെ ബാലന്‍റെ പരാമർശം തനി വർഗീയത വിളമ്പുന്നതാണെന്നും അത് അദ്ദേഹത്തെകൊണ്ട് പറയിപ്പിച്ചതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്‍റെ പരാമർശത്തെ വിമർശിച്ചാണ് കെ സി വേണുഗോപാലിന്‍റെ പ്രതികരണം.

നിയമസഭാതെരഞ്ഞെടുപ്പിന് കോൺഗ്രസ് പാർട്ടി എല്ലാ തലത്തിലും സജ്ജമാണ്. ആലപ്പുഴയിൽ എസ്ഡിപിഐയുടെ സഹായത്തോടെ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടാൻ സിപിഐഎം പരസ്യമായി നടപടി എടുത്തിരിക്കയാണ്. അവരാണ് ഇപ്പോൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആയിരിക്കും ആഭ്യന്തരമന്ത്രിയെന്ന് പറയുന്നത്. എന്ത് വിരോധാഭാസമാണിത്. എന്ത് പച്ചയായ വർഗീയതയാണിത്. തെരഞ്ഞെടുപ്പിൽ തോറ്റാൽ, തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്തി നടപടി എടുക്കുന്നതിന് പകരം കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഐഎം നേതാക്കളുടെ സ്ഥിതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് വർഗീയ ശക്തികളുമായി യാതൊരു മുന്നണിയും ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല, അതിനായി ശ്രമിക്കുന്ന പ്രശ്‌നമേയില്ല. അക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്. മറ്റത്തൂരിലുണ്ടായ വിഷയത്തിലും വ്യക്തമായ നിലപാട് പാർട്ടി പറഞ്ഞിട്ടുണ്ട്. എൽഡിഎഫ് മലക്കം മറയുകയാണ്. അവർ ഉന്നയിക്കുന്നതെല്ലാം കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പുന്ന കാര്യങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സ്വർണ്ണക്കൊള്ളയിൽ സിപിഐഎം നേതാവായ എ പത്മകുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടും പാർട്ടി നടപടിയെടുത്തില്ല. സിപിഐഎം ന്യായീകരിക്കുകയാണ്, ഇത് അങ്ങേയറ്റം അപഹാസ്യമാണ്. കോടതിയുടെ മേൽനോട്ടമുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് തുടക്കം മുതൽ പറയുന്നത്. ഇക്കാര്യത്തിൽ കോടതി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എസ്‌ഐടിക്ക് മുകളിൽ തുടക്കം മുതൽ സമ്മർദമുണ്ട്. സ്വർണ്ണം കട്ടവർ ആരൊക്കെ അവരൊക്കെ പ്രതികൾ ആകണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

മുന്നണി ചർച്ചകൾക്ക് യുഡിഎഫ് തുടക്കം കുറിക്കാൻ പോവുകയാണ്. അവിടെ ചർച്ചകൾ നടക്കും. പൊതു ഇടത്തിൽ ഇത്തരം ചർച്ചകൾ നടത്തേണ്ടതില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് വ്യവസ്ഥാപരമായ രീതികൾ ഉണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം ദേശീയപാതയിൽ സുരക്ഷാ പരിശോധന നടക്കുമെന്നും കെ സി കൂട്ടിച്ചേർത്തു. എട്ട് ഗ്രൂപ്പുകളായി പരിശോധിക്കും. പരാതികൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:‌ congress leader KC Venugopal says A K Balan's remarks are purely communal manner

dot image
To advertise here,contact us
dot image