

കോഴിക്കോട്: കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും കരട് വോട്ടർപട്ടികയിൽ പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവിനെ തുടര്‍ന്നാണ് ഇത്രയധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ് വോട്ടര്‍മാർ പുറത്തുപോകാൻ കാരണമെന്നുമാണ് ബിഎല്‍ഒയുടെ വിശദീകരണം. വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അവസാനമായപ്പോഴാണ് തനിക്ക് പിഴവ് മനസിലായതെന്നുമാണ് ബിഎല്‍ഒ പറയുന്നത്. എസ്‌ഐആറിന്റെ കരട് വോട്ടര്‍പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പട്ടികയില്‍ നിന്ന് അഞ്ഞൂറോളം പേര്‍ പുറത്തായത് മനസിലായത്. പൂരിപ്പിച്ച ഫോം ആപ്പില്‍ അപ്പ്‌ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്.
അധികൃതരുമായി സംസാരിച്ചുവെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമാണ് ബിഎല്‍ഒയുടെ വാദം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഹിയറിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധികള്‍ ബിഎല്‍ഒയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
Content Highlights: 480 voters in Kuttiadi Panchayat, Kozhikode are out of SIR; mistake from blo's side