അന്ന് വൈഭവിനെ സൈഡാക്കി; ഇന്ന് വൈഭവിനൊപ്പം സെഞ്ച്വറി; ആരാണ് മലയാളിയായ ആരോൺ ജോർജ്

അണ്ടർ 19 ഏഷ്യ കപ്പിലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ താരമായിരുന്നു ആരോൺ.

അന്ന് വൈഭവിനെ സൈഡാക്കി; ഇന്ന് വൈഭവിനൊപ്പം സെഞ്ച്വറി; ആരാണ് മലയാളിയായ ആരോൺ ജോർജ്
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ വൈഭവ് സൂര്യവംശിക്ക് പിന്നാലെ തർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് മലയാളി താരം ആരോൺ ജോർജ്. 106 പന്തിൽ 16 ഫോറുകൾ അടക്കം 118 റൺസാണ് താരം നേടിയത്. 74 പന്തിൽ 127 റൺസ് നേടിയാണ് വൈഭവ് പുറത്തായത്. പത്ത് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

അതേ സമയം സെഞ്ച്വറി പ്രകടനത്തോടെ ഈ മലയാളി താരം ആരാണെന്ന ചർച്ച ക്രിക്കറ്റ് സർക്കിളുകളിൽ സജീവമായി. അണ്ടർ 19 ഏഷ്യ കപ്പിലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ താരമായിരുന്നു ആരോൺ.

ആ ടൂർണമെന്റിൽ പാകിസ്താനുമായുള്ള പോരാട്ടത്തിന് ഇന്ത്യയിറങ്ങുമ്പോൾ അത്ഭുത ബാലൻ 14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ടീമിന്റെ ക്യാപ്റ്റനും ഐ പി എല്ലിൽ ചെന്നൈയുടെ യുവ ഓപ്പണറുമായ ആയുഷ് മാത്രെയുടെ പ്രകടനവും ഉറ്റുനോക്കപ്പെട്ടിരുന്നു.

എന്നാൽ യു എ ഇ യിലെ അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി തേര് തെളിയിച്ചത് ഒരു മലയാളിയായിരുന്നു, 19 കാരനായ ആരോൺ ജോർജ്.

ബാറ്റിങ് ദുഷ്കരമായ പിച്ചിൽ പാക് പേസർമാരുടെ കിടിലൻ ബൗളിംഗ് കൂടിയായതോടെ ഇന്ത്യൻ യുവ നിരയുടെ തുടക്കം പാളി. യു എ ഇ ക്കെതിരെ 95 പന്തിൽ 14 കൂറ്റൻ സിക്സറുകളും ഒമ്പത് ഫോറുകളും 171 റൺസ് നേടിയ വൈഭവ് വെറും അഞ്ചു റൺസിന് പുറത്തായി. ചിര വൈരികൾ ആഘോഷമാക്കിയ ആ വിക്കറ്റിന് തൊട്ട് പിന്നാലെയാണ് ആരോൺ ക്രീസിലെത്തുന്നത്.

ക്യാപ്റ്റൻ ആയുഷ് മാത്രയ്ക്കൊപ്പം ഒരു സെൻസിബിൾ കൂട്ടുകെട്ട് കളിക്കുന്നതിനിടെയാണ് 38 റൺസെടുത്തു നിൽക്കുകയായിരുന്ന മാത്രേ പുറത്താകുന്നത്. എന്നാൽ അവിടന്നങ്ങോട്ട് ആരോൺ ഇന്ത്യയുടെ രക്ഷാപ്രവർത്തനം ഒറ്റയ്ക്ക് ഏറ്റെടുത്തു. 88 പന്തിൽ 12 ഫോറുകളും ഒരു സിക്‌സറും അടക്കം 85 റൺസാണ് ആരോൺ നേടിയത്.

അർഹിച്ച സെഞ്ച്വറിക്ക് തൊട്ടകലെ വീണെങ്കിലും പാക് പേസർമാരുടെ ഉഗ്രൻ ബൗളിങ്ങിന് മുന്നിൽ നടത്തിയ ഇന്നിങ്‌സ് വലിയ പ്രശംസയുണ്ടാക്കി. കമന്ററി ബോക്സിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലേക്ക് നെക്സ്റ്റ് സഞ്ജു സാംസൺ എന്ന് വരെ പരാമർശമുണ്ടായി.

വൈഭവ് വെടിക്കെട്ട് സെഞ്ച്വറി തീർത്ത് ഇന്ത്യയ്ക്ക് 234 റൺസിന്റെ കൂറ്റൻ ജയം സമ്മാനിച്ച യു എ ഇ ക്കെതിരായ മത്സരത്തിലും ആരോൺ അർധ സെഞ്ച്വറി നേടിയിരുന്നു. 73 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറും അടക്കം 69 റൺസ് നേടിയ ക്ലാസ്സിക് ഇന്നിങ്ങ്സ്‌.

കഴിഞ്ഞ വര്‍ഷം വിനു മങ്കാദ് അണ്ടര്‍ 19 കിരീടത്തില്‍ ഹൈദരാബാദ് മുത്തമിട്ടപ്പോള്‍ അതിന്റെ അമരത്ത് ക്യാപ്റ്റനായി ആരോണ്‍ ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍, ഏറ്റവും അധികം സെഞ്ചറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച ആരോണിലൂടെയാണ് വിനൂ മങ്കാദ് ട്രോഫിയില്‍ ഹൈദരാബാദ് കിരീടം നേടിയത്.

ആ നേട്ടത്തിനുള്ള അംഗീകാരമെന്നോണമാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും ആരോണിനു വിളിയെത്തുന്നത്. അണ്ടർ 19 ഏഷ്യ കപ്പിലെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടീമിലേക്കുമെത്തിച്ചു.

മാവേലിക്കര സ്വദേശിയായ ഈശോ വര്‍ഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വര്‍ഗീസിന്റെയും മകനായ ആരോണ്‍ ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നതെല്ലാം ഹൈദരാബാദിലായിരുന്നു.

Content Highlights- century with vaibhav suryavanshi; who is that malayalee aaron george

dot image
To advertise here,contact us
dot image