

കോഴിക്കോട്: താമരശ്ശേരിയിലെ യുവതിയുടെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ. ഹസ്നയുടെ മരണ സ്ഥലത്തുനിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി. ഒരു കുറിപ്പ് ഹസ്നയുടെ പങ്കാളി ആദിലിൻ്റെതെന്നാണ് പൊലീസ് സംശയം.
ആദിലിനെ അന്വേഷണസംഘം രണ്ടുതവണ ചോദ്യം ചെയ്തു. ഹസ്നയുടെ ശബ്ദ സന്ദേശത്തിലെ കൊടിസുനി പരാമർശത്തിലും പൊലീസ് അന്വേഷണം നടത്തും. കൊടിസുനിയും ആദിലും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കും. ഹസ്നയുടെ ശബ്ദ സന്ദേശത്തിലുണ്ടായിരുന്ന ഷിബു പ്രദേശവാസിയാണെന്നും അന്വേഷണസംഘം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹസ്നയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. താമരശേരി കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന ( 34). പതിവായി മുറി തുറക്കുന്ന സമയം കഴിഞ്ഞിട്ടും ഹസ്‌നയെ പുറത്തേക്ക് കാണാതായതോടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ അയല്‍വാസിയും ഹസ്‌നയുടെ ജീവിത പങ്കാളിയായ പുതുപ്പാടി ചോയിയോട് വേനകാവ് സ്വദേശി ആദിലും ചേര്‍ന്ന് ഫ്‌ളാറ്റ് ഉടമയെ വിളിച്ച് വരുത്തിയ ശേഷമാണ് വാതില്‍ പൊളിച്ച് അകത്ത് കടന്നത്.
മരിക്കുന്നതിനു മുമ്പ് ഹസ്ന പങ്കാളിയായ ആദിലിന് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് യുവതി പറയുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെയാണ് ശബ്ദ സന്ദേശം പുറത്തുവന്നത്.
കഴിഞ്ഞ എട്ട് മാസങ്ങളായി ആദിലും ഹസ്‌നയും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹസ്‌നയും ആദിലും വിവാഹമോചിതരാണ്. ഹസ്‌നയുടെ മൂന്ന് മക്കളില്‍ 13 വയസുള്ള മൂത്ത മകന്‍ മാത്രമാണ് ഇപ്പോള്‍ കൂടെ താമസിക്കുന്നത്. മറ്റ് രണ്ട് മക്കള്‍ മുന്‍ഭര്‍ത്താവിനൊപ്പമാണ് താമസം.
Content Highlight : Two notes have been found at the scene of Hasna's death, adding to the mystery surrounding the death of a young woman in Thamarassery. One note is suspected to be from Hasna's partner Adil. Adil was questioned twice by the investigation team.