

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കൾ ആവശ്യം ഉന്നയിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോൾ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീല്‍ അൽ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
'ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്': ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എന്‍ഡിപിയ്ക്ക് മലപ്പുറത്ത് ഒരു സ്ഥാപനം ഇല്ലെന്ന വെളളാപ്പളളി നടേശന്റെ ആരോപണത്തിനും ഖലീല്‍ തങ്ങള്‍ മറുപടി നല്‍കി. എസ്എന്‍ഡിപി അപേക്ഷ കൊടുത്തിട്ട് അവര്‍ക്ക് അര്‍ഹതയുളളത് കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ അത് കൊടുക്കണം എന്നാണ് അഭിപ്രായം എന്നാണ് അദ്ദേഹം പറഞ്ഞത്. മലപ്പുറത്ത് ഒരു എയ്ഡഡ് സ്‌കൂള്‍ പോലും ഇല്ലാത്തവരാണ് കാന്തപുരം എ പി വിഭാഗമെന്നും ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ധവളപത്രം ഇറക്കട്ടെയെന്നും ഖലീല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്നാം തീയതി മുതലാണ് എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കേരള യാത്ര ആരംഭിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര നടക്കുക. കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയുളള യാത്ര മലപ്പുറത്ത് എത്തിയപ്പോഴാണ് മലപ്പുറത്തെ വിഭജിക്കണമെന്ന പരാമര്‍ശം ഉണ്ടായത്.
Content Highlights: Malappuram district should be divided says Khalil Bukhari Thangal