

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ അധികാരം നൽകി കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി അധികാരം നല്‍കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്താമെന്നും ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിലുണ്ട്.
നാല് ഘട്ടം അന്വേഷണം പൂർത്തിയായി എന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ഇതിൽ കോടതി തൃപ്തിയും രേഖപ്പെടുത്തി. കേസിൽ ഇതുവരെ 181 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിക്കാനുള്ള അനുമതി നൽകിയത്.
കേസിൽ മാധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ ഇടപെടുന്നത് നീതിനിർവ്വഹണത്തിന് തടസ്സമാകുമെന്നും എസ്ഐടിയെ സമ്മർദ്ദത്തിലാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണം എന്നും ഹൈക്കോടതി സൂചിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നീതീകരിക്കാനാവാത്തതാണ്. മാധ്യമ ഇടപെടലുകൾ അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കും. അതിനാൽ അന്വേഷണം മാധ്യമവിചാരണയുടെ നിഴലിൽ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.