ടി 20 ലോകകപ്പിൽ ബംഗ്ലാദേശ് ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ BCCI യുടെ നഷ്ടമെത്ര; കണക്കുകളിതാ!

ടി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.

ടി 20 ലോകകപ്പിൽ ബംഗ്ലാദേശ് ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ BCCI യുടെ നഷ്ടമെത്ര; കണക്കുകളിതാ!
dot image

ടി 20 ലോകകപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് ഇന്ത്യ-ബംഗ്ലാദേശ് പോരുണ്ടായത്. ടി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.

ഐ പി എല്ലിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ മുസ്തഫിസുറിനെ ഐപിഎലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോട് ബിസിസിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കിയതായി കൊൽക്കത്ത അറിയിച്ചു. ഇതാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്. തങ്ങളുടെ ഒരു താരത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബിസിസിഐക്കു സാധിക്കില്ലെങ്കിൽ ട്വന്റി20 ലോകകപ്പിനു വരുന്ന ടീമിനു മുഴുവൻ എങ്ങനെ സുരക്ഷ ഒരുക്കുമെന്ന് ബിസിബി ചോദിച്ചു.

നിലവിലെ ഷെഡ്യൂൾ പ്രകാരം ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.

ഈഡൻ ഗാർഡൻസിൽ ഏകദേശം 63,000 ആണ് സീറ്റിങ് കപ്പാസിറ്റി, വാങ്കഡെയിൽ ഏകദേശം 33,000 പേർക്ക് ഇരിക്കാം. അങ്ങനെ, ബംഗ്ലദേശിന്റെ നാല് മത്സരങ്ങൾക്ക് കൂടി ഏകദേശം 2.2 ലക്ഷം സീറ്റുകളുടെ ടിക്കറ്റ് വിൽപന സാധ്യതയാണുള്ളത്. എന്നാൽ ലോകകപ്പ് ടൂർണമെന്റിന്റെ വരുമാനത്തിൽ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്നത് ചെറിയൊരു അംശം മാത്രമാണ്.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ അടിസ്ഥാന ടിക്കറ്റ് വില 100 രൂപ ആരംഭിക്കുമെന്നാണ് ഐസിസി നേരത്തെ പ്രഖ്യാപിച്ചത്. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, ബംഗ്ലദേശ്– ഇറ്റലി മത്സരത്തിന് 100 രൂപ, ബംഗ്ലദേശ് – വെസ്റ്റിൻഡീസ് മത്സരത്തിന് 300 രൂപ, ബംഗ്ലദേശ്– നേപ്പാൾ മത്സരത്തിന് 250 രൂപ എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

എന്നാൽ ടിക്കറ്റ് ഇതര വരുമാനമാണ് ബിസിസിഐക്ക് കൂടുതലായും ലഭിക്കുക. ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു പകരം ഈ വേദികളിൽ പകരം മത്സരങ്ങൾ വച്ചില്ലെങ്കിൽ സ്റ്റേഡിയം വരുമാന ഇനത്തിൽ അതതു അസോസിയേഷനുകൾക്കും ബിസിസിഐക്കും കനത്ത നഷ്ടമുണ്ടാകും.

ഗേറ്റ് രസീത് ഇനത്തിൽ 7 മുതൽ 30 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സ്റ്റേഡിയത്തിലെത്തുന്നവരുടെ എണ്ണം, ടിക്കറ്റ് നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത്. ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു പകരം മറ്റു മത്സരങ്ങൾ ഇതേ വേദിയിൽ സംഘടിപ്പിച്ചാൽ വരുമാന നഷ്ടം കുറയ്ക്കാനാകും.


Content Highlights: what lose to bcci if bangladesh not play t20 world cup in india

dot image
To advertise here,contact us
dot image