

തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന നിവിന്‍ പോളി ചിത്രം സര്‍വ്വം മായയുടെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രക്കാരന്‍ ഫോണില്‍ സര്‍വ്വം മായ കാണുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്റെ വീഡിയോ ആണ് ഇത്.
കഴിഞ്ഞ ദിവസമായിരുന്നു സര്‍വ്വം മായ 100 കോടി ക്ലബില്‍ കയറിയത്. ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായാണ് തുടരുന്നത്. സര്‍വ്വം മായ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കുമെന്ന് കരുതിയിരിക്കേ ആണ് ഇപ്പോള്‍ വ്യാജ പതിപ്പ് പുറത്തുവന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേമം സൂപ്പര്‍ഹിറ്റായി നില്‍ക്കേ വില്ലനായി എത്തിയതും വ്യാജപതിപ്പുകളായിരുന്നു. അന്ന് മലയാളത്തിലെ ആദ്യ നൂറ് കോടിയായി പ്രേമം മാറുമെന്ന് കരുതിയിരുന്നു. എന്നാല്‍ വ്യാജ പതിപ്പുകള്‍ ചിത്രത്തിന്റെ കളക്ഷന്‍ കുതിപ്പിനെ ബാധിച്ചു. ഇപ്പോള്‍ സര്‍വ്വം മായയുടെ വ്യാജ പതിപ്പും സമാനമായ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

മലയാളത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളുടെയും വ്യാജ പതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഹൈ ക്വാളിറ്റിയിലുള്ള കോപ്പികളാണ് പലപ്പോഴും പുറത്തുവന്നത്. ഇത് മലയാള സിനിമാമേഖലയെ ആകെ പ്രതികൂലമായി ബാധിക്കുകയാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പല തവണ പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlights: Sarvam Maya fake print is out, A video of traveller watching it on phone in train is going viral