കടമക്കുടി വേറെ ലെവലാകും; ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നു: 7.79 കോടി രൂപയുടെ പദ്ധതി

7.79 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു

കടമക്കുടി വേറെ ലെവലാകും; ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നു: 7.79 കോടി രൂപയുടെ പദ്ധതി
dot image

എറണാകുളം: കടമക്കുടി ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകിക്കൊണ്ട് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 7.79 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പദ്ധതിക്ക് രൂപം നൽകുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നും എംഎൽഎ പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകും. കായൽ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി. തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങൾ. ഗ്രാമീണ കായൽ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടവനക്കാട് പഞ്ചായത്തിനു അടുത്ത ബജറ്റ് വിഹിതത്തിൽ നിന്ന് ഒരു കോടി രൂപ ഉറപ്പാക്കുമെന്നും എംഎല്‍എ വാഗ്ദാനം ചെയ്തു.പഞ്ചായത്തിൽ ഉയർന്നുവന്ന വിഷയങ്ങൾ കണക്കിലെടുത്താണ് ഒരു കോടി അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുന്നത്. ചെറിയ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ പദ്ധതികൾക്കാണ് തുക വിനിയോഗിക്കുക.

കടൽക്ഷോഭം തടയുന്നതിന് ടെട്രാപോഡ്, രൂക്ഷമായ വേലിയേറ്റ ഉണ്ടാക്കുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് നിലവിൽ തുടരുന്ന നടപടികൾ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടു പോകും. കടൽക്ഷോഭം തടയാൻ 35 കോടി അനുവദിപ്പിക്കാനായി. പട്ടിക വിഭാഗങ്ങൾക്കായി ഐശ്വര്യ ഗ്രാമം, അംബേദ്കർ നഗർ, വീട്ടുജോലി ചെയ്യുന്ന വനിതകൾക്കായി സ്ത്രീ സുരക്ഷ പദ്ധതി, ചെറുപ്പക്കാർക്കായി പ്രോജ്ജ്വല - കണക്റ്റഡ് വർക്ക് എന്നിവ സാർവ്വത്രികമായി നടപ്പാക്കും. എന്നാൽ പദ്ധതികളോട് എല്ലാവരും ക്രമാനുസൃതം പ്രവർത്തിക്കണം.

എടവനക്കാട് എച്ച്ഐഎച്ച്എസിൽ ഈ മാസം 18 ന് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരോഗ്യ ക്ഷേമത്തിൻ്റെ വിളംബരമാകും. ഒരു വർഷത്തെ സമഗ്ര ആരോഗ്യമാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീടു നിർമ്മാണം പൂർത്തിയാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബിൻ്റെ സഹായത്തോടെ രണ്ടു ലക്ഷംരൂപ വരെ ലഭ്യമാക്കും. ഗതാഗതം ഉൾപ്പെടെ നിലവിലുള്ള പദ്ധതികൾ ഒരു മുടക്കവുമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kadamakkudy Island will host a Rs 7.79 crore Rural Lake Tourism Project, aimed at enhancing tourism and boosting local development

dot image
To advertise here,contact us
dot image