'ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കണം'; പുതുവത്സര പ്രതീക്ഷ പങ്കുവെച്ച് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനത്തോടും രമേശ് ചെന്നിത്തല പറഞ്ഞു

'ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കണം'; പുതുവത്സര പ്രതീക്ഷ പങ്കുവെച്ച് രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതാണ് പുതുവര്‍ഷത്തിലെ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാറ്റം അനിവാര്യമെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി പുതുവത്സരദിനത്തില്‍ അകലാട് പട്ടികജാതി ഉന്നതി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

'പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരള ജനത മോചനം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം അനിവാര്യമാണെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചു. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പൂര്‍ത്തിയാകും. ജനം മാറ്റത്തിനായി നില്‍ക്കുകയാണ്. മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ഒന്നും സംഭവിച്ചില്ലെന്ന് പറയുന്നത്. ഭരണമാറ്റം പ്രതീക്ഷിക്കുന്നു. യുഡിഎഫ് അതിനായി തയ്യാറെടുക്കുകയാണ്', രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനത്തോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ തവണ 52 സീറ്റുകളില്‍ പുതുമുഖങ്ങളായിരുന്നുവെന്നും എല്ലാകാലത്തും കോണ്‍ഗ്രസില്‍ അങ്ങനെതന്നെയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രായമായവരെയോ മുതിര്‍ന്നവരെയോ മുഴുവന്‍ മാറ്റുമെന്നല്ല പറഞ്ഞത്. തെറ്റിദ്ധാരണയാണ്. പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അയ്യപ്പന്റെ മുതല്‍ മോഷ്ടിക്കുന്നവര്‍ക്ക് കാരാഗ്രഹമായിരിക്കും വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പന്റെ മുതല്‍ അടിച്ചുകൊണ്ടുപോയ ആരും രക്ഷപ്പെടുമെന്ന് കരുതേണ്ട. മതേതരത്വത്തിന്റെ കേന്ദ്രമാണ് ശബരിമല. എല്ലാ പ്രതികളും പിടിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ ഫണ്ടുകള്‍ അര്‍ഹരിലേക്ക് എത്തുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന ഫണ്ട് എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം. ഇവരുടെ ജീവിതത്തില്‍ വേദനയാണ്. അത് പരിഹരിക്കാന്‍ നേതാക്കള്‍ ഉന്നതികളിലേക്ക് എത്തണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Change LDF Rule Ramesh Chennithala Share His New Year wish with Reporter TV

dot image
To advertise here,contact us
dot image