

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപിക്ക് പിന്തുണയുമായി എഴുത്തുകാരന്‍ പി വി ഷാജികുമാര്‍. റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും തനിക്ക് മനസിലാവുമെന്ന് ഷാജികുമാര്‍ പറഞ്ഞു. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് റഹീം പങ്കുവെച്ചതെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.
'കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്. അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്', പി വി ഷാജികുമാര്‍ പറഞ്ഞു.
ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂവെന്നും തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെയെന്നും പി വി ഷാജികുമാര്‍ കുറിച്ചു. പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണെന്നും ഷാജികുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ റഹീം സന്ദര്‍ശിച്ചിരുന്നു. പിന്നാലെ കന്നഡ മാധ്യമത്തിന് ഇംഗ്ലീഷില്‍ റഹീം പ്രതികരണം നല്‍കിയിരുന്നു. ഈ പ്രതികരണത്തിലെ ഇംഗ്ലീഷിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് റഹീമിനെതിരെ ട്രോളുകളുണ്ടായത്. സംഭവത്തില്‍ പ്രതികരണവുമായി റഹീം തന്നെ രംഗത്തെത്തിയിരുന്നു.
തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ റഹീം പ്രതികരിച്ചത്. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. 'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു', റഹീം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
റഹീമിനെ പോലെ 1980കളില്‍ ജനിച്ച് 1990കളില്‍ സ്‌കൂളില്‍ പഠിച്ച ആളുകളില്‍ ഒരാളാണ് ഞാനും. സയന്‍സും കണക്കും സോഷ്യലും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഔദാര്യത്തില്‍ ഇംഗ്ലീഷ് പഠിച്ചവരാണ് ഞങ്ങള്‍. Wsaനെ വാസെന്നും Schoolനെ ഉസ്‌കൂളെന്നും പഠിച്ചവര്‍. കണക്കിലെയും സയന്‍സിലെയും ഒരു തത്വവും ഇംഗ്ലീഷില്‍ പഠിക്കാതെ പോയവര്‍. അതുകൊണ്ടാണ് 500 മാര്‍ക്കോടെ ഡിസ്റ്റിംങ്ങഷനില്‍ പത്താം ക്ലാസ് ജയിച്ച് പ്രീഡിഗ്രിക്ക് പോയിട്ടും ആദ്യക്ലാസുകളില്‍ what is acceleration ? what is gravitational force ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ട് കിളി പോയി ഫിസിക്‌സ് ക്ലാസ് കട്ട് ചെയ്ത് പുറത്തേക്ക് പറക്കാന്‍ തുടങ്ങിയത്. എംസിഎ വരെ പഠിച്ചിട്ടും ഇംഗ്ലീഷില്‍ മിണ്ടേണ്ടി വരുമ്പോള്‍ പതറുന്നത്.
പക്ഷേ റഹീം പറയുന്ന ഇംഗ്ലീഷ് എനിക്ക് മനസിലാവും, അയാള്‍ പറയുന്ന രാഷ്ട്രീയവും. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവും. കാരണം കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്.
അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്. ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂ. തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെ.
പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണ്.
ലാല്‍സലാം
Content Highlightsl: P V ShajiKumar Supports A A Raheem in Karnataka Bulldozer Raj