സർക്കാർ ഓഫീസിൽ നിന്ന് 'സാമവേദം’ പാടിയ ഗായകൻ, 58-ാം വയസ്സിൽ തരംഗമായി വിൽ‌സൺ ചേട്ടൻ

സർക്കാർ ഓഫിസിൽ നിന്ന് ‘സാമവേദം’ പാടിയ വിൽസന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ പാട്ട് എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു

സർക്കാർ ഓഫീസിൽ നിന്ന് 'സാമവേദം’ പാടിയ ഗായകൻ, 58-ാം വയസ്സിൽ തരംഗമായി വിൽ‌സൺ ചേട്ടൻ
dot image

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ഗായകനെ ആരാധകർ കണ്ടെത്തി. ഒറ്റ പാട്ടുകൊണ്ട് അദ്ദേഹം കേരളത്തിൽ ആകെ വൈറലായി മാറിയിരിക്കുകയാണ്. തൃശൂർ സ്വദേശി വിൽസനാണ് എം ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തിഗാനം പാടി ശ്രദ്ധ നേടിയത്. സർക്കാർ ഓഫിസിൽ നിന്ന് ‘സാമവേദം’ പാടിയ വിൽസന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ പാട്ട് എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ, ആരാണ് ഈ ഗായകൻ എന്ന് തപ്പി നടക്കുകയായിരുന്നു ആരാധകർ.

വിൽസൻ മറ്റ് പാട്ടുകൾ പാടുന്ന വിഡിയോയും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു വിൽസൺ. ഇവിടെവച്ചാണ് ഇദ്ദേഹത്തോട് ഒരു ഗാനം ആലപിക്കാൻ പറയുന്നത്. പഞ്ചായത്ത് ഓഫീസിലെ മറ്റൊരു ജീവനക്കാരനാണ് ഫോണിൽ ഇദ്ദേഹം പാടുന്നത് പകർത്തിയത്. ഇത് പിന്നീട് താത്‌കാലിക ജീവനക്കാരി ജിത സുകുമാരൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെയാണ് വിൽസന്റെ ഗാനം ആളുകളിലേക്ക് എത്തിയത്.

ചെറുപ്പം മുതൽ തന്നെ പാട്ടിനോട് കമ്പം ഉണ്ടായിരുന്ന വിൽസണിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാട്ട് പഠിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ, വിൽസൺ തൃശ്ശൂർ ചക്കാമുക്കിലെ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായി. കല്ലൂർ കിഴക്കേ പള്ളിയിൽ ഒമ്പതുവർഷം ഗായകനായും, ചിറ്റിശ്ശേരി പള്ളിയിൽ അഞ്ചുവർഷവും പാടിയിട്ടുണ്ട്. കർണാടക ഹൊസൂറിലെ ഫ്രണ്ട്സ് മെലഡി ഓർക്കസ്ട്രയിൽ രണ്ടുവർഷം പാടി. ഇദ്ദേഹത്തിന്റെ ശബ്ദത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്, വിൽസണെ തേടി അവസരങ്ങൾ വരട്ടെയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.

Content Highlights: Social media finds singer who sang 'Samavedam' from government office

dot image
To advertise here,contact us
dot image