

ബെംഗളൂരു: യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ നിര്‍ദേശം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സംഭവസ്ഥലം ഇന്ന് കര്‍ണാടക വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും. വീടുകളിലെ ഉപകരണങ്ങളും അവശ്യ സാധനങ്ങളും മാറ്റാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. സ്ഥലം വിട്ടുപോകുന്നതിന് പ്രശ്‌നമില്ലെന്ന് മലയാളിയായ പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേസമയം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഫ്‌ളാറ്റിന് പണം നല്‍കേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ബൈപ്പനഹള്ളിയിലെ ഫ്‌ളാറ്റ് ലഭിക്കാന്‍ 5 ലക്ഷം രൂപ നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഫ്ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്സി/ എസ്ടി വിഭാഗത്തിന് സബ്സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ് സബ്സിഡിയ്ക്ക് പുറമേ കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഡിസംബര്‍ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ബുള്‍ഡോസറുപയോഗിച്ച് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകള്‍ പൊളിച്ചുമാറ്റിയത്. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180 ഫ്‌ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാന്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Karnataka Bulldozer Raj GBA infromed to natives to vacate the place