ശ്രീലേഖ പ്രശാന്തിനോട് സംസാരിച്ചത് വ്യക്തിബന്ധത്തത്തിൻ്റെ പേരിൽ; രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല: വിവി രാജേഷ്

എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞു ചെയ്യണമെന്നില്ലല്ലോയെന്നും മേയര്‍

ശ്രീലേഖ പ്രശാന്തിനോട് സംസാരിച്ചത് വ്യക്തിബന്ധത്തത്തിൻ്റെ പേരിൽ; രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല: വിവി രാജേഷ്
dot image

തിരുവനന്തപുരം: സൗഹൃദം വെച്ചാണ് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ എംഎല്‍എ പ്രശാന്തിന്റെ ഓഫീസ് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടതെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. ശ്രീലേഖയും പ്രശാന്തും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു. സംഭവത്തിന് ശേഷം ശ്രീലേഖ വിളിച്ച് സംസാരിച്ചുവെന്നും വി വി രാജേഷ് പറഞ്ഞു.

'എന്റെ ഓഫീസില്‍ സൗകര്യം കുറവാണെന്നാണ് ശ്രീലേഖ പറഞ്ഞത്. ബിന്ദു കൗണ്‍സിലര്‍ ആണ് എംഎല്‍എക്ക് ഓഫീസ് ഒഴിഞ്ഞുകൊടുത്തത്. വ്യക്തിബന്ധം നോക്കിയാണ് ശ്രീലേഖ ചോദിച്ചത്. അതിനുശേഷം ശ്രീലേഖ എന്നെ വിളിച്ചു സംസാരിച്ചു. എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞു ചെയ്യണമെന്നില്ലല്ലോ. അവരുടെ വ്യക്തി ബന്ധം വച്ചാണ് സാധിക്കുമോ എന്ന് ചോദിച്ചത്. മാറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ചോദിച്ചത്', വി വി രാജേഷ് പറഞ്ഞു.

മേയറായിരുന്നെങ്കില്‍ ഓഫീസ് കിട്ടിയേനെ എന്ന് പറഞ്ഞു എന്നതില്‍ വസ്തുതയില്ലെന്നും വി വി രാജേഷ് പറഞ്ഞു. വിവാദം ആളിക്കത്തിക്കേണ്ട ആവശ്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു. വളരെ ചെറിയ തുകയ്ക്കാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ വാടകയ്ക്ക് നല്‍കിയ കെട്ടിടങ്ങളുടെ റേറ്റ് പരിശോധിക്കണം. വിശദമായ അന്വേഷണം നടത്തുമെന്നും നഗരസഭാ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും കാര്യത്തില്‍ പരിശോധന ഉണ്ടാകുമെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

'കോര്‍പ്പറേഷന്‍ വാടകയ്ക്ക് നല്‍കിയ കെട്ടിടങ്ങളുടെ റേറ്റ് പരിശോധിക്കണം. കിട്ടേണ്ട ന്യായമായുള്ള വാടക കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തും. കണ്ണായ ഭാഗത്തുള്ള കെട്ടിടങ്ങള്‍ക്ക് മതിയായ വാടക കിട്ടുന്നുണ്ടോ എന്നത് അന്വേഷിക്കും?, മേയര്‍ പറഞ്ഞു.

Content Highlights: Thiruvananthapuram Mayor V V Rajesh about Sreelekha MLA office controversy

dot image
To advertise here,contact us
dot image