പാലക്കുഴ സിപിഐഎമ്മിൽ തമ്മിലടി; പാർട്ടിയുടെ ഏക പഞ്ചായത്ത് അംഗത്തെ പുറത്താക്കി

പത്ത് വര്‍ഷമായി പഞ്ചായത്തില്‍ ഭരണം കയ്യടക്കിയിരുന്ന സിപിഐഎമ്മിന് ഇത്തവണ ലഭിച്ചത് ആകെ ഒരു സീറ്റാണ്

പാലക്കുഴ സിപിഐഎമ്മിൽ തമ്മിലടി; പാർട്ടിയുടെ ഏക പഞ്ചായത്ത് അംഗത്തെ പുറത്താക്കി
dot image

എറണാകുളം: പാലക്കുഴയില്‍ പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം. പാലക്കുഴ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ ഏക അംഗമായ ഷാജു ജേക്കബിനെയാണ് പുറത്താക്കിയത്. പത്ത് വര്‍ഷമായി പഞ്ചായത്തില്‍ ഭരണം കയ്യടക്കിയിരുന്ന സിപിഐഎമ്മിന് ഇത്തവണ ലഭിച്ചത് ആകെ ഒരു സീറ്റാണ്. 13 സീറ്റുകള്‍ സ്വന്തമാക്കിയ യുഡിഎഫ് അധികാരത്തിലേറി. സിപിഐഎമ്മിലെ തമ്മിലടിയാണ് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം എതിരായിട്ടും പാർട്ടിയിൽ തമ്മിലടി തുടരുകയാണ്. ചേരിപ്പോരിനെ തുടര്‍ന്ന് പാലക്കുഴയില്‍ ടിമ്പര്‍ തൊഴിലാളി യൂണിയനും പിളര്‍ന്നു.

സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്. അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍, കൂറുമാറ്റം, പിണക്കം, കയ്യബദ്ധങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ തെരഞ്ഞെടുപ്പും സാക്ഷിയായിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുന്നത്. സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 532 എണ്ണം യുഡിഎഫിനൊപ്പമാണ്. 358 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ 30 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണനിയന്ത്രണം സ്വന്തമാക്കി. സ്വതന്ത്രരും മറ്റുകക്ഷികളും ചേര്‍ന്ന് എട്ടിടത്താണ് അധികാരത്തിലെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 513 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 376 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫുമായിരുന്നു അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കുകയായിരുന്നു. ഭരണവിരുദ്ധ വികാരവും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് എല്‍ഡിഎഫിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിലയിരുത്തലുകള്‍ സിപിഐഎം തള്ളിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ലെങ്കിലും പ്രാദേശികമായി തിരിച്ചടിയായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

Content Highlight; Clashes in Palakkuzhi CPI(M); Party's only panchayat member expelled

dot image
To advertise here,contact us
dot image