

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കാൻ കോൺഗ്രസ്. വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇവർക്കെല്ലാം പുറമെ സർപ്രൈസ് സ്ഥാനാർത്ഥികളും ഉണ്ടാകുമെന്നാണ് വിവരം
മുതിർന്ന നേതാക്കൾ, മുന്‍ കെപിസിസി അധ്യക്ഷന്‍ തുടങ്ങിയവരെയാണ് കളത്തിലിറക്കുന്നത്. തൃശൂരിൽ വി എം സുധീരൻ, കണ്ണൂരിൽ കെ സുധാകരൻ, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് സാധ്യതകൾ. ഇതിന് പുറമെ സിനിമ താരങ്ങൾ അടക്കമുള്ള സർപ്രൈസ് സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനാൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഹൈക്കമാൻഡിന്റെ പൂർണമായ നിരീക്ഷണത്തിലാണ് സ്ഥാനാർഥി നിർണയം നടക്കുക. നേരത്തെതന്നെ കേരളത്തിലെ ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷി ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. എഐസിസിയുടെ സ്ക്രീനിങ് കമ്മിറ്റിയും ഉടൻ രുപീകരിക്കും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ സിപിഐഎമ്മും മെനയുന്നുണ്ട്. വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി മത്സരം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഘടകക്ഷികളായ എൻസിപി, കോൺഗ്രസ് എസ് എന്നിവർ മത്സരിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂർ, കണ്ണൂർ ജില്ലയിലെ കണ്ണൂർ നിയമസഭാ മണ്ഡലങ്ങൾ ഏറ്റെടുക്കാനുള്ള ആലോചനകളും പാർട്ടിക്ക് അകത്തുണ്ട്.
എലത്തൂർ മണ്ഡലം നിലവിൽ വന്ന 2011ലെ തെരഞ്ഞെടുപ്പ് മുതൽ ഇവിടെ വിജയിച്ച് വരുന്നത് എൻസിപി ശരദ്പവാർ വിഭാഗത്തിൻ്റെ എ കെ ശശീന്ദ്രനാണ്. സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശശീന്ദ്രന് ശക്തികേന്ദ്രത്തിൽ തന്നെ കഴിഞ്ഞ മൂന്ന് ടേമിലും സിപിഐഎം സീറ്റ് അനുവദിക്കുകയായിരുന്നു. എലത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സിപിഐഎമ്മിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ എ കെ ശശീന്ദ്രന് മൂന്നാമതും സിപിഐഎം അവസരം നൽകി. നിലവിൽ വനംവകുപ്പ് മന്ത്രിയെന്ന നിലയിൽ മുന്നണിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന എ കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടുമൊരു അവസരം നൽകേണ്ടതില്ലെന്ന ആലോചനയിലാണ് സിപിഐഎം.
എലത്തൂർ ഏറ്റെടുത്താൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിനെ സിപിഐഎം പരിഗണിച്ചേക്കും. കോൺഗ്രസ് വിട്ടെത്തിയ നിലവിലെ ഒഡെപെക് ചെയർമാൻ കെ പി അനിൽ കുമാറിനെയും ഇവിടെ പരിഗണിക്കാൻ സാധ്യതയുണ്ട്.
കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടുതവണ തുടർച്ചയായി മത്സരിച്ച കണ്ണൂർ നിയമസഭാ മണ്ഡലം ഇത്തവണ ഏറ്റെടുക്കാനാണ് സിപിഐഎം തീരുമാനം. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കടന്നപ്പള്ളി അട്ടിമറി വിജയം നേടിയിരുന്നു. പ്രായാധിക്യം പരിഗണിച്ചാണ് ഇത്തവണ കടന്നപ്പള്ളിയിൽ നിന്നും സിപിഐഎം മണ്ഡലം ഏറ്റെടുക്കുന്നത്.
കണ്ണൂർ സിപിഐഎം ഏറ്റെടുത്താൽ എം സുകന്യയെ സിപിഐഎം പരിഗണിച്ചേക്കാം. കെ സുധാകരൻ കണ്ണൂരിൽ മത്സരരംഗത്തിറങ്ങാൻ താൽപ്പര്യം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിന്നുള്ള യുവനേതാക്കളെ സിപിഐഎം മത്സരത്തിനിറക്കാനും സാധ്യതയുണ്ട്.
Content Highlights: Kerala Assemby Elections 2026: congress to field senior leaders and surprise candidates