

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ അതിന് പ്രയാസമുണ്ട്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാൻ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
'പി വി അൻവർ അല്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്ക് അറിയുക പോലുമില്ല. അദ്ദേഹം ആരാണെന്ന് പോലും അറിയില്ല', മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
അതേസമയം ഒരുപാട് നന്ദികേട് ജീവിതത്തിൽ നേരിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ കരുണാകരൻ അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആർക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പുറത്തുനിന്നു കുത്തിയിട്ടുണ്ട്. അധികാരം നഷ്ടപെടുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓർക്കണം. തന്നെയും ലീഡറെയും ചിലർ അകറ്റാൻ ശ്രമിച്ചു. അവസാന നാളിൽ ലീഡറെ കാണാൻ ഞാൻ തയ്യാറായില്ല. അന്ത്യാഭിലാഷം ആണെന്ന് പറഞ്ഞു കാറുമായി കെ വി തോമസിനെ പറഞ്ഞയച്ചപ്പോഴാണ് താൻ കാണാൻ തയ്യാറായത്. അന്ന് എന്നെയും ലീഡറെയും അകറ്റിയവരുടെ പേരുകൾ ലീഡർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mullappally Ramachandran's warning to the UDF, comment against pv anvar