വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഭാവിയില്‍ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇക്കാര്യം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ
dot image

ന്യൂഡല്‍ഹി: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. രാം നാരായണിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരവും മനുഷ്യത്വരഹിതവുമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കുമെതിരെ കര്‍ശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇക്കാര്യം കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാംനാരായണന്റെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ വിമാനമാർഗം മൃതദേഹം രാം നാരായണിന്റെ നാട്ടിലെത്തിക്കും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, വാളയാര്‍ ആള്‍ക്കൂട്ടകൊലയില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അട്ടപ്പളളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസില്‍ നേരത്തെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനു, പ്രസാദ്, മുരളി, ആനന്ദന്‍, ബിപിന്‍ എന്നിവരാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ രാംനാരായണന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളും രാംനാരായണനെ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂര മര്‍ദനത്തിനിരയായിരുന്നു രാംനാരായണന്റെ മരണം. പ്രതികളില്‍ അനു, പ്രസാദ്, മുരളി, ബിപിന്‍ എന്നിവര്‍ക്ക് ബിജെപി ബന്ധമുള്ളതായി സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്. കേസില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുള്ളതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു.

Content Highlights: chhattisgarh govt announce 5 lakh to walayar mob lynching victim ram narayan's family

dot image
To advertise here,contact us
dot image