

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍.
'എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയുണ്ട്. ചില ആളുകള്‍ പറയുകയാണ് 20 സാക്ഷികള്‍ കൂറുമാറിയെന്ന്. 261 സാക്ഷികളില്‍ 20 പേര് കൂറുമാറി. ഈ കൂറുമാറിയവര്‍ ആരാണ്, ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയന്‍, അളിയന്‍, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകള്‍ കൂറുമാറും. എങ്കിലും പല കാര്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേര്‍ക്കും. അതാണ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പറയുന്നത്. ഇന്‍വെസ്റ്റിഗേഷനും എന്‍ക്വയറിയും തമ്മില്‍ വ്യത്യാസമുണ്ട്. ഈ തെളിവുകള്‍ എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദേര്‍ ഈസ് നോ മോട്ടീവ്', ടി ബി മിനി പറഞ്ഞു.
മഞ്ജുവാര്യരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം, ദിലീപും കാവ്യാ മാധവനും തമ്മില്‍ നടന്ന ചാറ്റിങ്ങ് മഞ്ജുവാര്യര്‍ കണ്ടെത്തിയതാണെന്നും ടി ബി മിനി പറഞ്ഞു. ഈ ചാറ്റ് ദിലീപ് തന്നെ മഞ്ജുവാര്യര്‍ക്ക് നല്‍കിയ പഴയ മൊബൈലില്‍ നിന്നാണ് കണ്ടെത്തിയതെന്നും അഭിഭാഷക പറഞ്ഞു. മഞ്ജുവാര്യര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞു. ഗീതുമോഹന്‍ദാസും അതിജീവിതയുമെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സാഹചര്യ തെളിവുകള്‍ എല്ലാം കൊടുത്തിരുന്നുവെന്നും അഭിഭാഷക വ്യക്തമാക്കി. കാവ്യമാധവന്റെ അമ്മയുമായി മഞ്ജുവാര്യര്‍ ഇക്കാര്യം സംസാരിച്ചിരുന്നു. പ്രതിക്ക് അതിജീവിതയോട് ഉണ്ടാകാനുള്ള വൈരാഗ്യത്തിന്റെ മോട്ടീവ് ഇതാണെന്നും മിനി പറഞ്ഞു.
'ഈ കാര്യങ്ങള്‍ എല്ലാം പറഞ്ഞതിന് ശേഷം പ്രതി ഒരു ഡിവോഴ്‌സ് പെറ്റീഷന്‍ കൊടുത്തിരുന്നുവെന്നാണ് കോടതി പറഞ്ഞത്. ആരൊക്കെയോ ഇടപെട്ട് അത് ജോയിന്‍ ഡിവോഴ്‌സിലേക്ക് എത്തി. ആദ്യം നല്‍കിയ ഡിവോഴ്‌സ് പെറ്റീഷനില്‍ എഴുതിയ മുഴുവന്‍ ആരോപണവും ഞാന്‍ പിന്‍വലിക്കുന്നുവെന്നാണ് ജോയിന്റ് ഡിവോഴ്‌സ് പെറ്റീഷനില്‍ പറഞ്ഞിരിക്കുന്നത്. ആ പെറ്റീഷനും പിന്‍വലിക്കുന്നുവെന്ന് പ്രതി പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ആ പെറ്റീഷന്‍ എവിഡന്‍സിന് വാല്യൂ ഉണ്ടാവില്ല. പക്ഷേ നമ്മുടെ മേഡം പറയുന്നത് ആദ്യത്തേതാണ് എവിഡന്‍സില്‍ എടുക്കു എന്നാണ്', ടി ബി മിനി പറഞ്ഞു.
ആളുകള്‍ക്ക് മിനിമം കോമണ്‍ സെന്‍സ് വേണമെന്നും തങ്ങള്‍ തോറ്റിട്ടില്ലെന്നും മിനി വ്യക്തമാക്കി. നമ്മുടെ അതിജീവിത വിജയിച്ചിരിക്കുകയാണ്. ലോകം മുഴുവനുള്ള മലയാളികള്‍ എന്നോട് വിളിച്ച് മാഡം എത്ര പൈസ വേണം, ഞങ്ങളുടെ പ്രാര്‍ത്ഥനകളുണ്ട്, ഞങ്ങളുടെ മക്കളുടെ കണ്ണീരുണ്ട്, ഞങ്ങളുടെ കുടുംബത്തിലെ കണ്ണീരുണ്ട്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും മിനി പറഞ്ഞു. താന്‍ കോടതി വിധിയെ വിമര്‍ശിക്കുന്നില്ലെന്നും ഫെയര്‍ ക്രിട്ടിസിസമാണ് നടത്തുന്നതെന്നും ടി ബി മിനി പറഞ്ഞു.
Content Highlights: Actress Attack Case TB Mini about Dileep motive to done crime